തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി. സ്പിൽവേയിലെ ഷട്ടറുകൾ എല്ലാം അടച്ചതും തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. ഇതേത്തുടർന്ന് സ്പിൽവേയിലെ ഒരു ഷട്ടർ വീണ്ടും തുറന്നു. സെക്കന്റിൽ 420 ഘനയടി വെള്ളം ഒഴുക്കി വിടുന്നുണ്ട്. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയിൽ നിർത്താനുള്ള തമിഴ്‌നാടിന്റെ ശ്രമമാണ് ജലനിരപ്പ് വീണ്ടും ഉയരാൻ കാരണം.

ജലനിരപ്പ് 141.90 അടിയിലേക്ക് താഴ്ന്നതോടെ തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 900 ഘനയടിയായി കുറച്ചിരുന്നു. ജലനിരപ്പ് ഉയർന്നതോടെ കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് 1867 ഘനയടിയായി കൂട്ടിയിട്ടുണ്ട്.

അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിതമായ അളവിലേക്ക് എത്രയുംവേഗം താഴ്‌ത്തിക്കൊണ്ടുവരാൻ തമിഴ്‌നാടിനു നിർദ്ദേശം നൽകണമെന്ന് ചീഫ് സെക്രട്ടറിയുടെ കത്ത്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി ചെയർമാനാണ് ചൊവ്വാഴ്ച കത്തു നൽകിയത്.മഴകൂടാൻ സാധ്യതയുള്ള സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്.

അണക്കെട്ടിന്റെ ഉള്ളിലേക്കു വരുന്ന ജലത്തേക്കാൾ കൂടുതൽ ജലം ഓരോ ദിവസവും കൃത്യമായി പുറത്തേക്ക് ഒഴുക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. അണക്കെട്ടിന്റെ റൂൾ കർവ് നവംബർ 30നുശേഷം 142 അടിയാണ്. എന്നാൽ, നവംബർ 30ാം തീയതി രാവിലെ 4 മണിക്കു തന്നെ ജലനിരപ്പ് 142 അടിയിലെത്തിയതായി ചീഫ് സെക്രട്ടറിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

നവംബർ 30ന് രാവിലെ 8 മണിക്കാണ് മുല്ലപ്പെരിയാറിലെ 9 ഷട്ടറുകളും തുറന്നത്. ടണലിലൂടെ 2300 ക്യുസെക്‌സ് വെള്ളവും അണക്കെട്ടിലൂടെ 4547.77 ക്യുസക്‌സ് വെള്ളവുമാണ് ഉച്ചയ്ക്കു 12 മണിക്ക് ഒഴുക്കിവിട്ടത്. പെട്ടെന്നു ജലം ഒഴുക്കി വിട്ടതോടെ വണ്ടിപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയും ജനം പരിഭ്രാന്തിയിലാകുകയും ചെയ്തു. ചില വീടുകളിൽ വെള്ളം കയറി.

ഷട്ടറുകൾ തുറന്ന് 5700 ക്യുസെക്‌സ് വെള്ളം ഒഴുക്കിയതാണ് വെള്ളപൊക്കത്തിന് ഇടയാക്കിയത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി ലഭിക്കുന്നതിനാൽ അണക്കെട്ടിലേക്കു വരുന്ന വെള്ളത്തിനേക്കാൾ കൂടുതൽ വെള്ളം നേരത്തെ തുറന്നു വിട്ട് ജലനിരപ്പ് ക്രമപ്പെടുത്തണം. ജലനിരപ്പ് 142 അടിയിൽ കൂടുതലാകാൻ അനുവദിക്കരുതെന്നും കത്തിൽ ആവശ്യപ്പെട്ടു.

അതേ സമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും നേരിയ തോതിൽ കുറഞ്ഞു തുടങ്ങി. 2400.46 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മഴ കുറഞ്ഞതിനാൽ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പും 70 അടിക്കു മുകളിലെത്തി. 71 അടിയാണ് പരമാവധി സംഭരണ ശേഷി.

അതേസമയം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാർ അണക്കെട്ട് ഉടൻ ഡീകമ്മീഷൻ ചെയ്യാൻ തീരുമാനം ഉണ്ടാകണമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ലോക്‌സഭയിൽ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ വിഷയത്തിൽ കേരള സർക്കാർ കള്ളക്കളി നടത്തുകയാണ്. അതുകൊണ്ടാണ് ബേബി അണക്കെട്ട് ബലപ്പെടുത്താൻ അനുമതി നൽകിയത്.

അണക്കെട്ട് സുരക്ഷിതമല്ലെന്ന് ദേശീയ-അന്താരാഷ്ട്ര ഏജൻസികളും ഐ.ഐ.ടിയിലെ വിദഗ്ധരും കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് പേരുടെ ജീവനെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും അടിയന്തിര ഇടപെടൽ വേണമെന്നും ശൂന്യവേളയിൽ ഡീൻ കൂര്യക്കോസ് ആവശ്യപ്പെട്ടു. അതിനെ എതിർത്ത് തമിഴ് നാട്ടിൽ നിന്നുള്ള അംഗങ്ങൾ എഴുന്നേറ്റത് ലോക്‌സഭയിൽ അല്പനേരം ബഹളത്തിന് കാരണമായി.