ഇടുക്കി: ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് തുറക്കും. തീരുമാനം തമിഴ്‌നാട് കേരളത്തെ അറിയിച്ചു. നിലവിൽ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കൻഡിൽ 3800 ഘനയടിയാണ് ഇപ്പോൾ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.

വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് കൂടി കണക്കിലെടുത്താണ് തീരുമാനം. ഡാം തുറക്കുന്നതിന് മുൻപായുള്ള മുന്നൊരുക്കങ്ങൾ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതിനാൽ ഇക്കാര്യത്തിൽ സംസ്ഥാനം സജ്ജമാണെമന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.


തുലാവർഷം ശക്തമാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ മുല്ലപ്പെരിയാറിന്റെ 27 കിലോമീറ്റർ ചുറ്റളവിൽ 20 ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ഉപ്പുതറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ രണ്ട് ഡെപ്യൂട്ടി കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആർഡിഒയെയും ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാൻ ഉദ്യോഗസ്ഥരോട് സ്ഥലത്ത് ക്യാമ്പ് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്ന് ജലം ഇടുക്കിയിലേക്ക് സുഗമമായി ഒഴുകിയെത്തുന്നതിന് തടസ്സങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

884 കുടുംബങ്ങളിലെ മൂവായിരത്തിലധികം അംഗങ്ങളുടെ ഫോൺ നമ്പർ അടക്കം ജില്ലാ ഭരണകൂടം എടുത്തു വച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അപകട ഭീഷണി ഉണ്ടായാൽ ഇവരെ നേരിൽ വിവരം ധരിപ്പിക്കുന്നതിനു വേണ്ടിയാണിത്. അനാവശ്യമായ ഭീതി ഒഴിവാക്കാൻ ഇതു സഹായിക്കും. സമൂഹ മാധ്യമങ്ങളിലടക്കം യാതൊരു തരത്തിലുള്ള കുപ്രചരണങ്ങളും അനുവദിക്കില്ല. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ ശ്കതമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി രാജൻ പറഞ്ഞു.

അതേ സമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെ എതിർത്ത് മേൽനോട്ട സമിതി സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചു. ജലനിരപ്പിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന നിലപാടാണ് മേൽനോട്ട സമിതി സ്വീകരിച്ചത്. സമിതിയുടെ ശുപാർശയിൽ മറുപടി നൽകാൻ കേരളത്തിന് സുപ്രീം കോടതി സമയം നൽകി. മേൽനോട്ട സമിതി റിപ്പോർട്ടിൽ മറുപടി നൽകാൻ കേരളത്തോട് കോടതി നിർദ്ദേശിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനു കേസ് വീണ്ടും പരിഗണിക്കും.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളതമിഴ്‌നാട് മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തുമെന്നും ഇതിനിടെ അറിയിപ്പുണ്ടായി. ഡിസംബറിൽ ചെന്നൈയിൽ വച്ചാണു എം.കെ സ്റ്റാലിനും പിണറായി വിജയനും തമ്മിൽ കാണുക. ഡാമിന്റെ ബലക്ഷയം, സുരക്ഷാ നടപടികൾ അടക്കമുള്ള വിഷയങ്ങൾ മുഖ്യമന്ത്രിമാർ ചർച്ച ചെയ്യുമെന്നും തമിഴ്‌നാട് ജലവിഭവ വകുപ്പിലെ ഉന്നതർ വ്യക്തമാക്കി. തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകനും കേരളത്തിൽനിന്ന് റോഷി അഗസ്റ്റിനും ചർച്ചയിൽ പങ്കെടുക്കും.