കുമളി: മുല്ലപ്പെരിയാറിൽ നിന്നും പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പത് മുതലാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും പുറത്തുവിടുന്ന ജലത്തിന്റെ അളവ് 275 ക്യുസെക്‌സ് കൂടി വർധിപ്പിച്ചത്. നിലവിൽ 550 ക്യുസെക്‌സുള്ളത് 825 ക്യുസെക്‌സ് ആയാണ് ഉയർന്നത്.

ഇക്കാരണത്താൽ പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജലനിരപ്പ് കുറക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. മുല്ലപ്പെരിയാർ ഡാമിലെ പരമാവധി ജലനിരപ്പ് നവംബർ 10 വരെ 139.5 അടിയായി സുപ്രീംകോടതി കഴിഞ്ഞദിവസം നിശ്ചയിച്ചിരുന്നു.

മേൽനോട്ട സമിതിയുടെ ഈ ശിപാർശ അംഗീകരിക്കാൻ കേരളത്തോടും തമിഴ്‌നാടിനോടും കോടതി ആവശ്യപ്പെടുകയായിരുന്നു. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച രാവിലെ ഏഴര മണിയോടെ അണക്കെട്ടിനോട് ചേർന്ന സ്പിൽവേയുടെ മൂന്ന്, നാല് ഷട്ടറുകൾ 0.35 മീറ്റർ ഉയർത്തിയിരുന്നു. അതേസമയം ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും റവന്യു മന്ത്രി കെ. രാജനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു.

കേരളം ആവശ്യപ്പെട്ടതിനെ തുടർന്നാണു നടപടി. ജലനിരപ്പ് 138.85 അടിയായി തുടരുന്ന സാഹചര്യത്തിലാണു മുല്ലപ്പെരിയാർ ഷട്ടർ തുറന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും വെള്ളിയാഴ്ച രാവിലെ ഏഴരയോടെ തുറന്നുവിട്ട വെള്ളം നാലര മണിക്കൂറിനു ശേഷം പതിനൊന്നരയോടെയാണ് ഇടുക്കി ജലാശയത്തിൽ എത്തിയത്. ഉടുമ്പൻചോലയിൽ ഉപ്പുതറ പാലത്തിനു സമീപമാണ് വെള്ളം ആദ്യം എത്തിയത്.

മുല്ലപ്പെരിയാറിൽനിന്നും നിലവിൽ സെക്കൻഡിൽ 14,000 ലീറ്റർ വെള്ളം മാത്രം ഒഴുക്കി വിടുന്നതിനാൽ സാവധാനമാണ് ഒഴുക്ക്. ചെറിയതോതിൽ മാത്രം വെള്ളം എത്തുന്നതിനാൽ ഇടുക്കി ജലാശയത്തിൽ ജലനിരപ്പ് നേരിയ തോതിൽ മാത്രമേ ഉയരുകയുള്ളൂ എന്ന് അണക്കെട്ട് ഗവേഷണ വിഭാഗം അധികൃതർ പറഞ്ഞു. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നു കെഎസ്ഇബി അറിയിച്ചു. 2398.30 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. രണ്ടു ദിവസമായി മഴയും നീരൊഴുക്കും കുറവാണ്.