കണ്ണൂർ: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ജീവൻ അപകടത്തിലാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എം. ശിവശങ്കർ നേരത്തെ പയറ്റിയ അടവുകൾ തന്നെയാണ് സി.എം. രവീന്ദ്രനും പയറ്റുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ജീവൻ അപകടത്തിലാണ്. സ്വപ്‌നക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

അന്താരാഷ്ട്രസ്വർണ്ണക്കള്ളക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന് അറിയാത്ത രഹസ്യങ്ങൾ പോലും കള്ളക്കടത്തുമായി ബന്ധപ്പെട്ട് സിഎം രവീന്ദ്രന് അറിയാമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനേക്കാൾ പങ്ക് സിഎം രവീന്ദ്രന് ഉണ്ടാകുമെന്ന് സൂചിപ്പിച്ച മുല്ലപ്പള്ളി, രവീന്ദ്രൻ മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും വിശ്വസ്തനാണെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേട്ടങ്ങൾ പറഞ്ഞ് വോട്ടുപിടിക്കാൻ എൽഡിഎഫിന് ഇപ്പോൾ കഴിയാത്തതുകൊണ്ടാണ് കോൺഗ്രസ്- ബിജെപി ധാരണ എന്ന് ആരോപണങ്ങളുയർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ വിശ്വസ്തനും സത്യസന്ധനുമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവിച്ച പശ്ചാത്തലത്തിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ‘അതേ അദ്ദേഹം മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. ഇതുവരെ അവിശ്വസിക്കേണ്ടിവന്നിട്ടില്ല. അദ്ദേഹത്തിന്റെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും വിശ്വസ്തനാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ ഏറെ വിശ്വസ്തൻ. പ്രിയ മകളുടേയും വിശ്വസ്തൻ'. വിഷയത്തിൽ മുല്ലപ്പള്ളിയുടെ പ്രതികരണം ഇങ്ങനെ. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എല്ലാവർക്കും മനസ്സിലാകുമെന്നാണ് ഇന്ന് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.

കേരളത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മിലാണ് ധാരണയുണ്ടായിട്ടുള്ളതെന്നും അത് താൻ പല തവണ ചൂണ്ടിക്കാണിച്ചതാണെന്നും അദ്ദേഹം പറയുന്നു. മലപ്പുറത്തും കണ്ണൂരും ഇരുപാർട്ടികളും തമ്മിൽ ധാരണയുണ്ടെന്നും ഇത് നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരീക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഎസ്‌സിയിൽ പുറംവാതിൽ നിയമനം നടത്തിയ ഇടതുപക്ഷ സർക്കാർ യുവാക്കൾക്ക് പത്ത്‌ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞ് യുവാക്കളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. എന്നാൽ പോൡഗ് ബൂത്തിലെത്തിയ യുവാക്കൾ ഈ വഞ്ചന മനസിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിക്കാൻ പോകുന്നതെന്ന് ആവർത്തിച്ച മുല്ലപ്പള്ളി കോൺഗ്രസിന് നല്ല ആത്മവിശ്വാസമാണുള്ളതെന്ന് അറിയിച്ചു. മുഖ്യമന്ത്രി അജ്ഞാതവാസത്തിലാണെന്നും പിണറായി ലാലു പ്രസാദിനെപ്പോലെ അഴിയെണ്ണുമെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.