തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധബന്ധം ഓരോ ദിവസവും മറനീക്കി പുറത്തുവരികയാണെന്നും അതിന് ഒടുവിലത്തെ ഉദാഹരണമാണ് ആർഎസ്എസ് അനുകൂലിയായ 'ആത്മീയാചാര്യ'ന് യോഗാ സെന്റർ ആരംഭിക്കാൻ മുഖ്യമന്ത്രി ഭൂമിവിട്ടു നൽകിയതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷണനും ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്ക് ആർഎസ്എസ് നേതാക്കളുമായി തിരുവനന്തപുരത്ത് രഹസ്യ കൂടിക്കാഴ്ച നടത്താൻ സൗകര്യം ഒരുക്കിയതും ഇതേ ആത്മീയാചാര്യനാണ്. ശബരിമല പ്രക്ഷോഭ സമയത്ത് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും സമാനമായ വെളിപ്പെടുത്തലാണ് നടത്തിയിരുന്നത്. സംഘപരിവാർ ശക്തികളുമായി ചേർന്ന് സിപിഎം കളിക്കുന്നത് അപകടരമായ രാഷ്ട്രീയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിപിഎമ്മും ആർഎസ്എസും പരസ്പ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് പോകുന്നതെന്ന് താൻ പലപ്പോഴും ചൂണ്ടിക്കാട്ടിയതാണ്. അതിന് തെളിവാണ് സിപിഎമ്മും ആർഎസ്എസ് നേതാക്കളും നടത്തിയ രഹസ്യ കൂടിക്കാഴ്ചയെ കുറിച്ച് ഇക്കണോമിക്സ് ടൈംസ് ഡൽഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണൻ രചിച്ച 'ദ ആർഎസ്എസ് ആൻഡ് ദ മേക്കിങ് ഓഫ് ദ ഡീപ് നാഷൻ' എന്ന പുസ്തകത്തിലെ വെളിപ്പെടുത്തൽ. ആശയപരമായും പ്രത്യയശാസ്ത്രപരമായും സിപിഎമ്മും ആർഎസ്എസും ഓരേ പാതയിൽ സഞ്ചരിക്കാൻ തുടങ്ങിയെന്നത് ശരിവെയ്ക്കുന്നതാണ് സിപിഎം-ആർഎസ്എസ് നേതാക്കളുടെ രഹസ്യസംഗമത്തിലൂടെ വെളിപ്പെടുന്നത്.

കോൺഗ്രസ് മുക്ത കേരളം എന്ന ലക്ഷ്യം നടപ്പാക്കാൻ ബിജെപിയെ സിപിഎം സഹായിക്കുകയാണ്. അതിന് പ്രത്യുപകാരമായിട്ടാണ് സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട കേസുകൾ കേന്ദ്ര സർക്കാർ ഒതുക്കി തീർത്തത്. ഈ ഒത്തുകളിയുടെ ഭാഗമാണ് മുഖ്യമന്ത്രി പ്രതിസ്ഥാനത്തുള്ള ലാവ്ലിൻ, സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ ക്രമക്കേട് കേസുകൾ ആവിയായി പോകാൻ കാരണം. മോദിയുടെയും അമിത്ഷായുടേയും ആശിർവാദത്തോടെയാണ് മുഖ്യമന്ത്രി കേരളത്തിൽ പ്രവർത്തിക്കുന്നത്. ബിജെപിക്ക് താൽപ്പര്യമുള്ള ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെയും പൊലീസ് സേനയുടെയും തലപ്പത്ത് പ്രതിഷ്ഠിച്ചതും അതിന്റെ ഭാഗമാണ്. തുടർന്ന് സ്വന്തം പാർട്ടിക്കാർക്കെതിരെ യുഎപിഎ എന്ന കരിനിയമം ചുമത്തി ജയിലിലടയ്ക്കുകയും ചെയ്തു. സിപിഎമ്മിന് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറായ പ്രവർത്തകരെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി.

ആഎസ്എസ് ബാന്ധവത്തിന് ശേഷമാണ് സിപിഎം ആക്ടിങ് സെക്രട്ടറി നൂനപക്ഷ വിരുദ്ധ പ്രസ്താവനകളും പ്രസംഗങ്ങളും തുടരെത്തുടരെ നടത്തിയത്. സംഘപരിവാർ ശക്തികൾ ഉയർത്തുന്ന ഹിന്ദുരാഷ്ട്ര വാദത്തെ പൂർണ്ണമായും അംഗീകരിക്കുന്ന നിലപാടാണ് പല സിപിഎം നേതാക്കളും സമീപകാലത്ത് സ്വീകരിച്ചത്. ഇതെല്ലാം ബോധപൂർവമാണെന്ന് ഇപ്പോൾ വ്യക്തമായി. തില്ലങ്കേരി മോഡൽ വോട്ട് കച്ചവടം സംസ്ഥാനത്ത് ഉടനീളം വ്യാപിക്കുന്നത് ഇതേ രഹസ്യധാരണയുടെ പുറത്താണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായ വർധിപ്പിക്കാൻ പ്രവർത്തിച്ച അതേ പിആർ ഏജൻസിയെ കേരള സർക്കാരിന്റെ സമൂഹ്യമാധ്യമ പ്രചാരണത്തിന് മുഖ്യമന്ത്രി തെരഞ്ഞെടുത്തതും യാദൃശ്ചികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.