തിരുവനന്തപുരം: ഐഫോൺ വിവാദത്തിലൂടെ പുറത്തുവരുന്നത് സിപിഎം നേതൃത്വത്തിന്റെ മൂല്യത്തകർച്ചയുടെയും അഗാധമായ ആദർശ പ്രതിസന്ധിയുടെയും പ്രതിഫലനമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കമ്യൂണിസ്റ്റ് ആദർശങ്ങൾക്കു പകരം പണവും പ്രതാപവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാണ് സിപിഎം നേതാക്കൾ. സ്വർണവും ഡോളറും ഐഫോണുമൊക്കെ ഇന്ന് സിപിഎം നേതാക്കളുടെ പര്യായമാണെന്നും അദ്ദഹം പരിഹസിച്ചു.

കട്ടൻ ചായയ്കയ്ക്കും പരിപ്പുവടയ്ക്കും പകരം വൻ ബിസിനസ് സംരംഭങ്ങളും വൻകിട സംരംഭകരുമായുള്ള കൂട്ടുകെട്ടും മറ്റുമാണ് ഇപ്പോൾ സിപിഎമ്മിനെ നയിക്കുന്നത്. സിപിഎം നേതാക്കളുടെ നൂറുകണക്കിന് ബന്ധുക്കൾക്ക് സർക്കാർ ജോലി നല്കുന്നതും കേരളം കണ്ടു. ഐഫോൺ വിവാദം ഉണ്ടായപ്പോൾ അതു പ്രതിപക്ഷനേതാവ് രമേശ് ചെന്നത്തിലയുടെ മേൽ കെട്ടിവയ്ക്കാൻ പത്രസമ്മേളനം വരെ നടത്തിയത് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. തന്റെ ഭാര്യയുടെ കയ്യിൽ ആ ഫോണുണ്ട് എന്നറിഞ്ഞ് ഒരുമുഴം മുന്നേ എറിയുകയാണ് കോടിയേരി ചെയ്തത്. സിപിഎം നേതൃത്വത്തിന്റെ അപചയത്തിനെതിരേ അണികളിൽ വലിയ പ്രതിഷേധം ആളിപ്പടരുകയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.