-തിരുവനന്തപുരം: താൻ ഇന്നലേയും ഇന്നും സോണിയാഗാന്ധിക്ക് കത്തെഴുതിയെന്ന വാർത്ത തീർത്തും വസ്തുതാ വിരുദ്ധമെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അശോക് ചവാൻ കമ്മീഷനെ താൻ ബഹിഷ്‌കരിച്ചുവെന്നും റിപ്പോർട്ടുകൾ കണ്ടു. എന്നാൽ സോണിയാ ഗാന്ധിക്ക് മുന്നിൽ പറഞ്ഞ കാര്യത്തിൽ കൂടുതൽ കൂട്ടി ചേർക്കലുകളോ കുറക്കലുകളോ ഇല്ല. അതിനാൽ റിപ്പോർട്ടിന്റെ കോപ്പി അയക്കാം. എന്നാണ് പറഞ്ഞതെന്ന് മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

ഒരു കെയർ ടേക്കർ എന്ന നിലയിൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് താൻ തുടരും. എത്രയും പെട്ടെന്ന് ഒരു ബദൽ സംവിധാനം ഉണ്ടാവണമെന്നും പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി
ഏതെങ്കിലും അജണ്ടയുടെ പേരിലാണെങ്കിലും കോൺഗ്രസിൽ വിഭാഗീയത രൂക്ഷമായി എന്ന തരത്തിൽ വാർത്തകൾ മാധ്യമങ്ങൾ സൃഷ്ടിക്കരുതെന്നും എല്ലാവരും ഒറ്റകെട്ടാണെന്നും ഒരു പാട് ഇലപൊഴിയും കാലം കണ്ട പാർട്ടിയാണ് കോൺഗ്രസെന്നും മുല്ലപ്പള്ളി കൂട്ടിചേർത്തു.

മുല്ലപ്പള്ളിയുടെ വാക്കുകൾ

തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടന്ന ശേഷം അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ കൃത്യമായി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അധ്യക്ഷനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ബദൽ സംവിധാനം ഉണ്ടാക്കണമെന്നും ഞാൻ അതിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അത് വരെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് താൽക്കാലികമായി തുടരാം എന്നാണ് പറഞ്ഞത്. സാങ്കേതികമായി അല്ലെങ്കിൽ കെയർ ടെയ്ക്കർ പ്രസിഡണ്ട് എന്ന നിലയിൽ. ആ സംവിധാനം എത്രയും പെട്ടെന്ന്കൊണ്ട് വരണമെന്നാണ് എന്റെ അഭ്യർത്ഥന. നിർലോഭമായ പിന്തുണ നൽകിയിട്ടുണ്ട്. ഉപാധികളില്ലാത്ത പിന്തുണയാണ് രാഹുൽ നൽകിയത്. പക്ഷെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചില്ലെന്ന് ദുഃഖം ഉണ്ട്. അതിന്റെ പൂർണ ഉത്തരവാദിത്തം എനിക്കുണ്ട്. ഫലപ്രഖ്യാപനം വന്നയുടനെ അക്കാര്യം പറഞ്ഞതുമാണ്.

ഞാൻ ഇന്നലേയും ഇന്നും സോണിയാഗാന്ധിക്ക് കത്തെഴുതിയെന്ന വാർത്ത തീർത്തും വസ്തുതാ വിരുദ്ധമാണ്. അശോക് ചവാൻ കമ്മീഷനെ ഞാൻ ബഹിഷ്‌കരിച്ചുവെന്നും റിപ്പോർട്ടുകൾ കണ്ടു. എന്നാൽ സോണിയാ ഗാന്ധിക്ക് മുന്നിൽ പറഞ്ഞ കാര്യത്തിൽ കൂടുതൽ കൂട്ടി ചേർക്കലുകളോ കുറക്കലുകളോ ഇല്ല. അതിനാൽ റിപ്പോർട്ടിന്റെ കോപ്പി അയക്കാം. എന്നാണ് പറഞ്ഞത്.

ഒരു പാട് ഇലപൊഴിയും കാലം കണ്ട പാർട്ടിയാണ് കോൺഗ്രസ്. ഈ പാർട്ടിയിൽ വിഭാഗീയത രൂക്ഷമായി എന്ന തരത്തിൽ ദയവ് ചെയ്ത് വാർത്തകൾ കൊടുക്കരുത്. ഒറ്റകെട്ടായി പാർട്ടിയെ മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കുന്നവരാണ്. മനോവീര്യം തകർക്കുകയെന്ന തരത്തിൽ ദയവ് ചെയ്ത് മഹാപ്രസ്ഥാനത്തോട് അപരാധം കാണിക്കരുത്. പരാജയം നേരത്തേയും കണ്ടിട്ടുണ്ട്. ഒരിക്കലും തിരിച്ചുവരില്ലായെന്ന് പറഞ്ഞിട്ടും ശക്തിയോടെ തിരിച്ചുവന്നിട്ടുണ്ട്.

പരാജയപ്പെട്ട ദിവസം പടിയിറങ്ങി പോകാൻ അറിയാഞ്ഞിട്ടല്ല. ഇട്ടേച്ചുപോയയാൾ നാളെ ചരിത്രം രേഖപ്പെടുത്താതിരിക്കാനാണ്. സോണിയാ ഗാന്ധിയും രാഹുലും വലിയ പിന്തുണ നൽകിയിട്ടുണ്ട്. ഉന്നത നേതാക്കളെ ഗ്രൂപ്പ് മാനേജർമാർ എന്ന് നിങ്ങളാണ് ഉപയോഗിക്കുന്നത്. അത് ശരിയല്ല.