ബംബോലിം: ഈ വർഷത്തെ ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് മുംബൈ എഫ് സി പരാജയപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് മഞ്ഞപ്പട ഇന്ന് കളിക്കാനിറങ്ങിയത്. പക്ഷേ ഇന്നത്തെ തോൽവിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകൾക്കും മങ്ങലേറ്റിരിക്കുകയാണ്.

ആദ്യ 11 മിനിറ്റുകൾക്കുള്ളിലാണ് മുംബൈ രണ്ട് ഗോളുകളും നേടിയത്. കളിയുടെ രണ്ടാം മിനിറ്റിലാണ് ആദ്യ ​ഗോൾ പിറന്നത്. ആദം ലേ ഫോൺട്രെയും ഹ്യൂഗോ ബൗമസുമാണ് ​ഗോളടിച്ചത്. മുബൈയുടെ നായകനും ​ഗോൾകീപ്പറുമായ അമരീന്ദറാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച്. നിരവധി അവസരങ്ങൾ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചെങ്കിലും അമരീന്ദറിന്റെ തകർപ്പൻ സേവുകൾ ബ്ലാസ്റ്റേഴ്സിനെ കുരുക്കി.

ജയത്തോടെ മുംബൈ പോയന്റ് പട്ടികയിൽ നഷ്ടപ്പെട്ട ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. സീസണിലെ ആറാം വിജയമാണ് മുംബൈ നേടിയത്. നാല് തോൽവിയും മൂന്ന് സമനിലയും ഒരു ജയവുമായി ബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്ത് തുടരുന്നു. തോൽവിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു.