മുംബൈ: കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ കൊടുങ്കാറ്റ് പോലെയാണ് ആഞ്ഞടിച്ചത്. അടച്ചിടലിലൂടെയും അകലം പാലിക്കലിലൂടെയും വാക്‌സിനിലൂടെയും പ്രതിരോധിക്കാൻ എല്ലാവരും പരിശ്രമിക്കുമ്പോഴും, വ്യക്തിപരമായ നഷ്ടങ്ങൾ ഏറെയാണ്. പരസ്പരം പഴിചാരലുകളുടെ കാലം കൂടിയാണ്. എന്നാൽ, മഹാമാരിയുടെ താണ്ഡവത്തിനിടെ, അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന മട്ടിൽ സേവനസന്നദ്ധരായവരും ഏറെയാണ്. അത്തരം കഥകൾ മനസ്സിൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കുകയും ചെയ്യും. അത്തരത്തിൽ, മുംബൈയിലെ ഡോക്ടർ ദമ്പതികളുടെ കഥയാണ് ഇനി പറയുന്നത്.

കോവിഡ് മുക്തരായവരിൽ നിന്ന് ഉപയോഗിക്കാത്ത മരുന്നുകൾ വാങ്ങി ആവശ്യക്കാരായ മറ്റുരോഗികൾക്ക് വിതരണം ചെയ്യുന്ന ദൗത്യമാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്. ഡോ.മാർക്കസ് റാനെയും ഭാര്യ ഡോ.റെയ്‌നയും. ഇവർ മെയ് ഒന്നിന് മെഡ്‌സ് ഫോർ മോർ എന്ന ഒരു പൗരകൂട്ടായ്മ തുടങ്ങി. ഹൗസിങ് സൊസൈറ്റികൾ വഴിയാണ് ഉപയോഗിക്കാത്ത മരുന്നുകൾ ശേഖരിക്കുന്നത്. വലിയ വിലയുള്ള മരുന്നുകൾ താങ്ങാൻ പറ്റാത്തവർക്കായി അത് കൂട്ടായ്മ എത്തിച്ചുകൊടുക്കുന്നു. 10 ദിവസം മുമ്പ് തുടങ്ങിയ കൂട്ടായ്മയ്ക്ക് നല്ല പ്രതികരണമാണ് കിട്ടുന്നത്.

തങ്ങളുടെ ജീവനക്കാരിൽ ഒരാളുടെ കുടുംബാംഗത്തിന് കോവിഡ് ചികിത്സയ്ക്ക് മരുന്ന് ആവശ്യമായി വന്നതോടെയാണ് ആശയം മുള പൊട്ടിയതെന്ന് ദമ്പതികൾ പറയുന്നു. മരുന്നുകൾക്ക് പലപ്പോഴും ഉയർന്ന വിലയായിരിക്കും. പാവങ്ങൾക്ക് അത് വാങ്ങാൻ കഴിയണമെന്നില്ല. ആ സമയത്ത് കോവിഡ് മുക്തരായ ചിലരുണ്ടായിരുന്നു. അവരെ സമീപിച്ച് മരുന്നുകൾ ഏറ്റുവാങ്ങി ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

സമീപ കെട്ടിടങ്ങളിലെ എട്ടോളം പേരുടെ സഹായം ഇതിനായി തേടി ഒരു ടീം ഉണ്ടാക്കി. ക്വാറന്റീൻ മൂലം പുറത്തുപോയി കോവിഡ് മരുന്ന് വാങ്ങാൻ കഴിയാത്തവർക്കോ, പണമില്ലാത്തവർക്കോ സഹായം എത്തിക്കുകയാണ് ദൗത്യം. 10 ദിവസത്തിനകം തന്നെ രോഗമുക്തരായവരിൽ നിന്ന് 20 കിലോ ഉപയോഗിക്കാത്ത മരുന്നുകൾ ഡോക്ടർ ദമ്പതികൾ ശേഖരിച്ചുകഴിഞ്ഞു. ഈ മരുന്നുകൾ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പാവപ്പെട്ടവർക്കായി വിതരണം ചെയ്യും.

നിലവിൽ 100 കെട്ടിടങ്ങളിൽ നിന്നായി മരുന്നുകൾ കിട്ടുന്നുണ്ട്. കിട്ടിയ 20 കിലോയും പാക്ക് ചെയ്ത് തങ്ങളുടെ എൻജിഒ പങ്കാളികൾക്ക് കൈമാറി, ഡോ മാർകസ് റാനെ പറഞ്ഞു. ഉപയോഗിക്കാത്ത ആന്റിബയോട്ടിക്കുകൾ, ഫാബിഫ്‌ളു, വേദന സംഹാരികൾ, സ്റ്റിറോയിഡുകൾ, വൈറ്റമിൻസ്, ഇൻഹേലേഴ്‌സ്, അന്റാസിഡ്‌സ് ഇതൊക്കെ ശേഖരിക്കുന്നവയിൽ ഉൾപ്പെടുന്നു. മെഡിക്കൽ ഉപകരണങ്ങളായ പൾസ് ഓക്‌സിമീറ്ററുകളും ടെർമോമീറ്ററുകളും ശേഖരിക്കുന്നുണ്ട്. മെഡ്‌സ് ഫോർ മോർ ഹിറ്റായതോടെ സമീപപ്രദേശങ്ങളിലെ താമസക്കാരും മരുന്നുകൾ ശേഖരിക്കാൻ ഉത്സാഹം കാട്ടി തുടങ്ങിയതാണ് ഡോക്ടർ ദമ്പതികളെ സന്തോഷിപ്പിക്കുന്നത്.