മൂന്നാർ: ആകർഷകമായ രീതിയിൽ നട്ടുവളർത്തിയിട്ടുള്ളത് ആയിരത്തോളം ചെടികൾ. വിരിഞ്ഞുനിൽക്കുന്നത് വിവിധ നിറത്തിലും രൂപത്തിലുമായി ലക്ഷക്കണക്കിന് പുഷ്പങ്ങൾ. കീടഭോജി സസ്യമായ നെപ്പെന്തസ്, റ്റീ റോസ്, ഭദ്രാക്ഷം തുടങ്ങി വൈവിധ്യങ്ങളാലും സമ്പന്നം. എവിടേയ്ക്ക് തിരിഞ്ഞാലും ദൃശ്യമാവുന്നത് വർണ്ണവസന്തം. കേരള വനം വികസന കോർപറേഷൻ(കെ എഫ് ഡി സി) വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി 2005-ൽ ആരംഭിച്ച മൂന്നാർ-മാട്ടുപ്പെട്ടി റോഡിലെ ഫ്ലോറി കൾച്ചറൽ സെന്ററിലെ ഒറ്റനോട്ടത്തിലെ കാഴ്ചകൾ ഇങ്ങിനെ.

കിഴക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷക കേന്ദ്രങ്ങിലൊന്നാണ് ഈ ഉദ്യാനം. മണിക്കൂറുകളോളം ചുറ്റിനടന്നാലും ഇവിടുത്തെ പുഷ്പവസന്തം കണ്ടുതീർക്കാനാവുന്നില്ല എന്നാണ് സന്ദർശകരിൽ ഒട്ടുമിക്കവരുടെയും അഭിപ്രായം. വിവിധതരത്തിലുള്ള സീലിയ,ഡാലിയ,ആന്തൂറിയം, റോസ്, ഓർക്കിഡുകൾ, ഔഷധസ്യങ്ങൾ, പോപ്പി, ജറേനിയം, ബിഗോണിയ, ഫൂഷിയ, തുമ്പർജിയ,കീടഭോജി സസ്യമായ നെപ്പെന്തസ്,ആൻഡ്രേനിയം,ഫ്ലോക്സ്,ജാക്കോബിനിയ എന്നിവ ഉൾപ്പെടെ അപൂർവ്വവും അത്യപൂർവ്വവമായ പൂച്ചെടികളിടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.

രണ്ട് ഏക്കർ വിസ്തൃതിയിൽ മനോഹരമായി തയ്യാറാക്കിയിട്ടുള്ള ഈ ഉദ്യാനത്തിലെ കാഴ്ചകൾ കണ്ടാസ്വദിക്കാൻ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിനം പ്രതി എത്തുന്നുണ്ട്. പ്രവശന കവാടം മുതൽ കാഴ്ചകളുടെ വസന്തം ആരംഭിക്കുന്നു. ഉയരത്തിൽ പടർന്നുകിടക്കുന്ന വള്ളികളിൽ നിന്നും താഴേയ്ക്ക് തൂങ്ങി, വിടർന്നുനിൽക്കുന്ന പുഷ്പങ്ങൾ തീർത്ത പന്തലിലൂടെയാണ് ഉദ്യാനത്തിന്റെ ഉൾഭാഗത്തേക്ക് പ്രവേശിക്കുന്നത്.

തട്ടുതട്ടയായി നിലത്ത് ചട്ടികളിൽ പൂവിട്ടിനിൽക്കുന്ന ചെറുചെടികൾ ഒരുഭാഗത്ത്. മുകളിൽ തൂക്കിയിട്ടിട്ടുള്ള ചട്ടികളിൽ നിന്നും വിരിഞ്ഞ് താഴേയ്ക്ക് പടർന്നുപന്തലിച്ച് നിൽക്കുന്ന പുഷ്പങ്ങൾ മറ്റൊരുഭാഗത്ത്. ഓരോ പടവ് മുകളിലേയ്ക്ക് എത്തുമ്പോഴും പൂക്കളുടെ നിറഭേദങ്ങൾ ഒന്നിനൊന്ന് വ്യത്യസ്ഥമാണ്. അതിർത്തിയോട് ചേർന്ന് ഉയരത്തിൽ ഡാലിയ ചെടികളുടെ വിവിധ വർണ്ണത്തിലുള്ള വലിയ പൂക്കളും ഏറെ ആകർഷകമാണ്. റോസുകൾ മാത്രം 300 -ഇനം ഉണ്ടെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ.

ചെടികളുടെ വിത്തുകളും തൈകളും ഇവിടെ വില്പനയ്ക്കും ലഭ്യമാണ്. ഉദ്യാനത്തിനകത്ത് ഒരു ഇക്കോഷോപ്പുംപ്രവർത്തിക്കുന്നുണ്ട്. ചന്ദനം,ചന്ദനത്തൈലം,രക്തചന്ദനം, സാൻഡൽ പൗഡർ, തേൻ, ഏലം, കാപ്പിപ്പൊടികുരുമളക്, പുൽത്തൈലം, യൂക്കാലിപ്റ്റസ് ഓയിൽ തുടങ്ങിയവ ഇക്കഷോപ്പിൽലഭ്യമാണ്. അമ്പത് രൂപ നിരക്കിലാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

കോവിഡ് എത്തിയതോടെ 7 മാസത്തോളം അടച്ചിട്ടിരുന്ന ഉദ്യാനം അടുത്തിടെയാണ് വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചത്. കോവിഡിന് മുമ്പ് 3000 ത്തോളം പേർ ദിനം പ്രതി ഇവിടെ എത്തിയിരുന്നു. നിലവിൽ 500-ളം പേർ ദിനം പ്രതി ഉദ്യാനം കാണാനെത്തുന്നുണ്ടെന്നും ഓരോദിവസവും സന്ദർശകരുടെ എണ്ണം ക്രാമാനുഗതമായി വർദ്ധിച്ചുവരുന്നതായും കെ എഫ് ഡി സി ഡിവിഷണൽ മാനേജർ ഇ ജെ ജോൺസൺ അറിയിച്ചു. 25 പേരടങ്ങുന്ന ജീവനക്കാരുടെ സംഘമാണ് മനോഹരമായ ഉദ്യാനത്തിന്റെ പരിപാലകർ.