ഇടുക്കി: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സിഎസ്ഐ സഭ മൂന്നാറിൽ സംഘടിപ്പിച്ച വാർഷിക ധ്യാനത്തിൽ പങ്കെടുത്ത രണ്ട് വൈദികർ കൂടി മരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന തിരുവനന്തപുരം മഞ്ചംകോട് പള്ളിയിലെ വൈദികനായ ബിനോ കുമാർ, വെസ്റ്റ് മൗണ്ട് സഭ വൈദികൻ വൈ ദേവപ്രസാദ് എന്നിവരാണ് മരിച്ചത്.

ഇരുവരും കഴിഞ്ഞ മൂന്നാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഇതോടെ ധ്യാനത്തിൽ പങ്കെടുത്ത് മരിച്ച വൈദികരുടെ എണ്ണം നാലായി. മുൻപ് കോവിഡ് ബാധിച്ച് ഫാ ബിജുമോൻ, ഫാ.ഷൈൻ ബി രാജ് എന്നിവരാണ് മരിച്ചത്.സംഭവത്തിന്റെ വിശദമായ അന്വേഷണ റിപ്പോർട്ട് ഇടുക്കി കളക്ടർ സർക്കാരിന് സമർപ്പിച്ചു.

ധ്യാനത്തിൽ പങ്കെടുത്ത ബിഷപ്പ് അടക്കം 80 വൈദികരാണ് കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.

കഴിഞ്ഞ ഏപ്രിൽ 13 മുതൽ 17 വരെയായിരുന്നു മൂന്നാർ സിഎസ്ഐ പള്ളിയിൽ വൈദികരുടെ ധ്യാനം. ബിഷപ്പ് ധർമരാജ് റസാലം നേതൃത്വം നൽകിയ ധ്യാനത്തിൽ 480 വൈദികരാണ് പങ്കെടുത്തത്. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ബസുകളിലായിരുന്നു വൈദികർ മൂന്നാറിൽ എത്തിയത്.

ധ്യാനത്തിനിടെ വൈദികർക്ക് ശരീരിക അസ്വസ്ഥകൾ അനുഭവപ്പെടുകയും അത് അവഗണിച്ച് ധ്യാനം തുടരുകയും നാട്ടിലെത്തി അസ്വസ്ഥതകൾ വിട്ടുമാറാതായപ്പോൾ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.

കോവിഡ് രോഗത്തിന്റെ രണ്ടാം വരവ് അതി ശക്തമായി തുടരുന്ന സാഹചര്യത്തിൽ ബിഷപ്പ് ധർമ്മരാജ് റസ്സാലം, അഡ്‌മി. സെക്രട്ടറി ടി ടി പ്രവീൺ, പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജയരാജ് തുടങ്ങിയ സഭാ നേതൃത്വം വൈദീകരെ നിർബന്ധിച്ച് മൂന്നാറിൽ ധ്യാനത്തിന് കൊണ്ട് പോയതിൽ പരക്കെ വിമർശനം ഉയർന്നിരുന്നു.

മൂന്നാർ വില്ലേജ് ഓഫീസർ സബ് കളക്ടർ നൽകിയ റിപ്പോർട്ട് പ്രകാരം മാസ്‌കും സാനിറ്റൈസറും, സാമൂഹിക അകലവും പാലിക്കാതെയാണ് വൈദികർ ധ്യാനത്തിൽ പങ്കെടുത്തതെന്ന് വ്യക്തമാക്കിയിരുന്നു. ധ്യാനത്തിന് അനുമതി തേടിയിരുന്നില്ലെന്നും ഏപ്രിൽ 12 മുതൽ ജില്ലയിൽ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നെന്നും ഇടുക്കി ജില്ല ഭരണകൂടം വ്യക്തമാക്കി. തുടർന്ന് ധ്യാനത്തിന്റെ സംഘാടകർക്കും പങ്കെടുത്തവർക്കുമെതിരെ പകർച്ച വ്യാധി നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു.

അതേസമയം, ധ്യാനത്തിന് ശേഷം വൈദികർ പള്ളികളിലെത്തി ആരാധനകളിൽ പങ്കെടുത്തത് കൂടുതൽ ആശങ്കകളുണ്ടാക്കിയിരുന്നു. എന്നാൽ 322 വൈദികരുടെ ധ്യാനം രണ്ട് സംഘങ്ങളായിട്ടാണ് നടത്തിയതെന്നും 24 വൈദികർക്ക് മാത്രമാണ് കോവിഡ് ബാധിച്ചതെന്നുമായിരുന്നു സിഎസ്ഐ സഭയുടെ വിശദീകരണം. വിവാദം അനാവശ്യമാണെന്നും പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ധ്യാനമെന്നും സിഎസ്ഐ സഭ അറിയിച്ചു.