ഇടുക്കി: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന്റെ സംരക്ഷണം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി കുടുംബാംഗങ്ങളെ വിളിച്ച് ആശ്വസിപ്പിക്കാത്തത് ദൗർഭാഗ്യകരം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗമ്യയുടെ കീരിത്തോട്ടിലെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് താൻ വീടു സന്ദർശിച്ചത്. മുഖ്യമന്ത്രി സ്ഥാനാരോഹണ ചടങ്ങുകളുടെ തിരക്കുമൂലമാണ് ഈ കുടുംബത്തെ വിളിക്കാതിരുന്നെതെങ്കിൽ സത്യപ്രതിജ്ഞ കഴിഞ്ഞ സ്ഥിതിക്ക് ഇനിയെങ്കിലും വീട്ടുകാരെ വിളിച്ച് ആശ്വസിപ്പിക്കാൻ തയ്യാറാകണം. സൗമ്യയുടെ മകൻ അഡോണിന്റെ വിദ്യാഭ്യാസം, കുടുംബത്തിന്റെ നഷ്ടപരിഹാരം എന്നിവയെത്തിക്കേണ്ടത് കേരളത്തിന്റെ ഉത്തരവാദിത്തമാണ്. ഇതുവരെ കേന്ദ്ര സർക്കാർ ഒരു വീഴ്ചയും കൂടാതെ ഈ കുടുംബത്തിനൊപ്പം നിന്നതായും കേന്ദ്ര സഹ മന്ത്രി പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് കെ.എ അജി, നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരക്കുമല, ജില്ലാ ട്രഷറർ റ്റി.എം സുരേഷ്. ബി ഡി ജെ എസ് സംസ്ഥന വൈസ് പ്രസിഡന്റ് സംഗീതാ വിശ്വനാഥൻ തുടങ്ങിയവർ കേന്ദ്ര മന്ത്രി ക്കൊപ്പം ഉണ്ടായിരുന്നു.