തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത തീരുമാനത്തെ പിന്തുണച്ച് കെ.മുരളീധരൻ എംപി. തലമുറമാറ്റം കോൺഗ്രസിന്റെ പുതിയ മാറ്റത്തിന് തുടക്കമാണെന്നും മുരളീധരൻ പറഞ്ഞു.

അഞ്ച് വർഷം കൂടുമ്പോൾ ഓട്ടോമാറ്റിക്കായി ഭരണം മാറുമെന്നത് ഭരണഘടനാ ബാധ്യതയാണ് എന്ന രീതിയിലാണ് പലരും ചിന്തിച്ച് പോന്നത്. എന്നാൽ അങ്ങനെയല്ല എന്നതിന്റ തെളിവാണ് പരാജയം. ഇത് ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും മുരളീധരൻ പ്രതികരിച്ചു.

കോൺഗ്രസിന്റെ എല്ലാ എംഎ‍ൽഎമാരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിന്റെ ഫലമാണ് സതീശന്റെ നിയമനം. ഗ്രൂപ്പുകൾക്ക് അതീതമായിതന്നെയാണ് സതീശന്റെ നിയമനമെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്നും കെ. മുരളീധരൻ പ്രതികരിച്ചു.

മുൻകാലങ്ങളിൽ ആദർശത്തിന്റെ പേരിലായിരുന്നു കോൺഗ്രസിൽ ഗ്രൂപ്പുണ്ടായിരുന്നത്. എല്ലാത്തിനും ഗ്രൂപ്പ് മാത്രം നോക്കി കാര്യങ്ങൾ തീരുമാനിച്ചതിന്റെ ദുരന്തമാണ് ഇപ്പോൾ പാർട്ടിയും മുന്നണിയും അനുഭവിക്കുന്നത്.

വി.ഡി. സതീശനെ പ്രതിപക്ഷനേതാവായി നിയമിച്ച കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മൂതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയും പ്രതികരിച്ചു. തലമുറമാറ്റം എന്നത് യഥാസമയം നടക്കേണ്ട പ്രക്രിയയാണെന്നും അങ്ങനെയുള്ള മാറ്റത്തിലൂടെയാണ് ഞാനുൾപ്പെടെയുള്ള ഇന്നത്തെ നേതാക്കൾ വളർന്നതെന്നും രവി ഓർമ്മിപ്പിച്ചു. കാര്യങ്ങൾ നന്നയി പഠിച്ചു സഭയിൽ അവതരിപ്പിക്കുവാനുള്ള സതീശന്റെ കഴിവ് വളരെ പ്രശംസനീയമാണെന്നും വയലാർ രവി പറഞ്ഞു.

ക്രിയാത്മക പ്രതിപക്ഷത്തിന് നേതൃത്വം നൽകാൻ സതീശന് കഴിയുമെന്ന് കെസി വേണുഗോപാലും പ്രതികരിച്ചു. കാലഘട്ടത്തിന് അനുയോജ്യമായ തീരുമാനമാണ്. പാർട്ടിയിലെ എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.