കൊല്ലം : സംസ്ഥാനത്തെ ഇടത് വലത് മുന്നണികൾ കള്ളനും പൊലീസും കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിൽ ഇതുവരെ ഭരണമാറ്റം എന്നതുകൊടിയുടെ നിറത്തിൽ മാത്രമാണ് മാറ്റം വന്നിട്ടുള്ളത്. ഇരുമുന്നണികളും പരസ്പരധാരണയിലാണ്. കൊല്ലം അഞ്ചാലുംമൂട്ടിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു മുന്നണികളും ഭരണത്തിൽ ഏറുമ്പോൾ ഉയർത്തിക്കാട്ടുന്ന കേസുകളിൽ പിന്നീട് നടപടികളൊന്നും സ്വീകരിക്കാറില്ല. സോളാർ, ബാർ കോഴ അടക്കമുള്ള അഴിമതി കേസുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തവരാണ് സിപിഎം. എന്നാൽ അവർ ഭരണത്തിലിരുന്ന അഞ്ച് വർഷകാലം ഈ കേസുകളിൽ ഒരു നടപടിയും ഉണ്ടായില്ല. ഈ കേസുകളിലെല്ലാം കള്ളനും പൊലീസും കളിക്കുകയാണ് ഇരു മുന്നണികളുമെന്നും കേന്ദ്രമന്ത്രി രൂക്ഷമായി വിമർശിച്ചു.

സംസ്ഥാനത്ത് ഇതുവരെ ഭരണമാറ്റമല്ല, കൊടിയുടെ നിറം മാത്രമാണ് മാറിയത്. സ്വർണ്ണ കടത്തിൽ എന്ത് ഉണ്ടായി എന്ന് ചോദിക്കുന്ന പിണറായി വിജയൻ മറുപടി പറയേണ്ടത് സോളാർ കേസിലും, ബാർ കോഴ കേസിലും എന്ത് നടപടി എടുത്തു എന്നാണ്. സ്വർണ്ണകടത്തിനും, ഡോളർ കടത്തിനും ഇടത് സർക്കാർ ഒത്താശ ചെയ്തു. കേരളാ ഗവൺമെന്റ് യുഎഇ കൗൺസിൽ ജനറലിന് പ്രത്യേക സുരക്ഷ ഒരുക്കി നൽകി.

യുഎഇ കൗൺസിൽ ജനറലിന് വഴി വിട്ട് കാര്യങ്ങൾ ചെയ്തുകൊടുത്താൽ സിപിഎം നേതാക്കൾക്ക് ഗുണമുണ്ടാകും എന്നതിനാൽ ആണ് അദ്ദേഹത്തിന് പ്രത്യേകം നയതന്ത്ര പരിരക്ഷ നൽകിയത്. ഒളിച്ചുവെയ്ക്കാനായി ഒന്നുമില്ലെന്നാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറയുന്നത്. എന്നിട്ട് എന്തുകൊണ്ടാണ് കസ്റ്റംസിന് മുന്നിൽ ഹാജരാകാത്തത്. അതിന് മറുപടി നൽകണമെന്നും വി. മുരളീധരൻ ചോദിച്ചു.