തിരുവനന്തപുരം: സംവിധായകനും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. മുരളി ഗോപി തന്നെയാണ് ഫേസ്‌ബുക്ക് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തുവിട്ടുത്. ഇൻസ്റ്റഗ്രാമിൽ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. നടന്റെ പിതാവ് ഭരത് ഗോപിയുടെ ചിത്രം ഹാക്കർമാർ ഫേസ്‌ബുക്ക് പ്രൊഫൈൽ ഫോട്ടോ ആയി ഇടുകയും ചെയ്തിട്ടുണ്ട്. വിചിത്രമായ ചില പോസ്റ്റുകളും അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

15 ലക്ഷം പേർ പിന്തുടരുന്ന വെരിഫൈഡ് പേജിൽ നിന്ന് നാല് ലക്ഷം ഫോളോവർമാരെ മുരളി ഗോപിക്ക് നഷ്ടമായി. ആറ് മാസങ്ങൾ മുമ്പ് വരെയുള്ള പോസ്റ്റുകൾ ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു. പേജിലേക്ക് ഫിലിപൈൻസിൽ നിന്നാണ് ആക്രമണം നടന്നതെന്ന് കരുതപ്പെടുന്നു. സന്ദേശം വായിച്ചവർ ഹാക്കറുടെ പോസ്റ്റുകൾക്ക് കീഴെ കമന്റുകളുമായി എത്തുന്നുണ്ട്. അടുത്തിടെ നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്റെ പേജും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.