കണ്ണുർ:വാടക ക്വാട്ടേർസിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളിയെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്ന് പരാതി. മാടായി പുതിയങ്ങാടി ഫുട്ബോൾ ഗ്രൗണ്ടിന് സമീപത്തെ അബ്ബാസ് ക്വാട്ടേർസിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി മലപ്പുറം പരപ്പനങ്ങാടിയിലെ സെയ്താലിക്കുട്ടിയുടെ മകൻ നാലകത്ത് ഹൗസിൽ അഷ്റഫ്(49)ആണ് അക്രമത്തിനിരയായത്.

കഴിഞ്ഞ ദിവസം രാത്രി 12ഓടെയാണ് സംഭവം. വാക്കേറ്റത്തെ തുടർന്ന് ക്വാട്ടേർസിലെ മറ്റൊരു മുറിയിൽ താമസിക്കുന്ന നിർമ്മാണ പ്രവർത്തികൾ ചെയ്യുന്ന കുടിയേറ്റ തൊഴിലാളി മാധവ് മണ്ഡലാണ് അക്രമം നടത്തിയത്. തലയ്ക്ക് സാരമായി പരിക്കേറ്റ അഷ്റഫിനെ ചെറുകുന്ന് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കേറ്റ മുറിവിന് 16ഓളം തുന്നലുണ്ട്. പഴയങ്ങാടി പൊലീസ് കേസെടുത്തു.