തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് ജയിൽ ചാടിയത്.

ജയിൽ വളപ്പിലെ ജോലികൾക്കിടെയാണ് സംഭവം. ജോലിക്കായി പ്രതികളെ സെല്ലിന് പുറത്തിറക്കിയ ശേഷം ജാഹിർ ഹുസൈനെ കാണാതാവുകയായിരുന്നു.

അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിർ ഹുസൈൻ രക്ഷപ്പെട്ടത്. ഇയാൾ ഒരു ഷർട്ട് കയ്യിലെ കവറിൽ കരുതിയിരുന്നു, ബസിൽ കയറി കളിയിക്കാവിളയിലേക്ക് പോയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

മൊയ്തീൻ എന്നയാളെ കൊലപ്പെടുത്തി ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. 2004ൽ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് ഇത്.
കോവിഡ് മൂലം കൂടുതൽ പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നു. ഇതിനെ തുടർന്ന് വളരെ കുറച്ച് പ്രതികൾ മാത്രമാണ് ജയിലിൽ ഉണ്ടായിരുന്നത്. ഇതിനിടെയാണ് പ്രതിയെ കാണാതായത്.

2017 ലാണ് ജാഹിറിനെ തിരുവനന്തപുരത്ത് നടന്ന കൊലപാത കേസിൽ അറസ്റ്റ് ചെയ്തത്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി ജയിൽ അധികൃതരും പൊലീസും പറഞ്ഞു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപക പരിശോധന നടക്കുകയാണ്. ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.