തിരുവനന്തപുരം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്നു പണം തട്ടിയെടുത്ത കേസിൽ അറസിറ്റിലായ റെയിൽവേ ജീവനക്കാരൻ മുരുകേശൻ പിള്ള ചില്ലറക്കാരനല്ല. ഇയാൾ തട്ടിപ്പുകളിൽ അഗ്രഗണ്യനാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മുരുകേശന്റെ പ്രധാന വരുമാനം റെയിൽവേ ട്രാക്കിലും മെക്കാനിക്കൽ വിഭാഗത്തിലും ജോലി ചെയ്യുന്ന അഭ്യസ്ത വിദ്യരായ സ്ത്രീ ജീവനക്കാർക്ക് ഓഫീസ് ജോലി തരപ്പെടുത്തി കൊടുക്കുമ്പോൾ കിട്ടുന്ന പ്രതിഫലമാണ്. ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ഇയാൾ തട്ടിപ്പുകൾ നടത്തുന്നത്.

ഒരു വനിത ഇത്തരത്തിൽ ഓഫീസ് സ്റ്റാഫ് ആകുമ്പോൾ മുരുകേഷന് കൊടുക്കേണ്ടത് രണ്ടു ലക്ഷം. ഇതിൽ ഒരു ലക്ഷം അഡ്വാൻസായി നൽകണം. ഇതിന്റെ പങ്ക് ചെന്നൈ വരെ പോകുമെന്നാണ് മുരുകേശൻ അടുപ്പക്കാരോടു പറഞ്ഞിരുന്നത്. ഒരു മാസം കുറഞ്ഞത് 25 സ്ഥലം മാറ്റത്തിലെങ്കിലും ഇടപെടും .ശരാശരി 50 ലക്ഷം രൂപ മുരുകേശന് വരുമാനമായി വന്നിരുന്നുവെന്നാണ് അടുപ്പക്കാർ നൽകുന്ന സൂചന.

എസ് ആർ എം യു ട്രഷറർ എന്ന നിലയിൽ തന്നെ മുരുകേശൻ കാര്യങ്ങൾ നടത്തി എടുക്കും. റെയിൽവേ മെക്കാനിക്കൽ വിഭാഗത്തിൽ പുതിയതായി വനിത എഞ്ചിനിയർ എത്തിയതും ഡിവിഷണൽ മാനേജർ മുരുകേശനെ അടുപ്പിക്കാത്തതും കാരണം പഴയതുപോലെ ട്രാക്കിൽ പണിയെടുക്കുന്നവരെ ഓഫീസിൽ ജോലിക്ക് ഇരുത്താനാകുന്നില്ല. ഗ്യാങ് ചെയിഞ്ചിങ് മുരുകേശന്റെ ഇഷ്ടത്തിന് നടക്കാതെ ആയി. കൂടാതെ ഗ്യാങ് ചെയിഞ്ചിങ് നിശ്ചയിക്കാൻ പുതിയ മെക്കാനിക്കൽ എഞ്ചിനിയറുടെ ശുപാർശയിൽ സൂപ്പർവൈസറി കമ്മിറ്റിയും നിലവിൽ വന്നു. ഇതോടെയാണ് വാങ്ങിയ പണം തിരികെ കൊടുക്കാൻ കഴിയാതെ വന്നത് . തുടർന്ന് മുരുകേശനെതിരെ സഹപ്രവർത്തകരും പരാതി ഉന്നയിച്ചു തുടങ്ങി.

സഹപ്രവർത്തകയോടു ഫോണിൽ ലൈംഗിക അതിക്രമം

2019ലാണ് സംഭവം നടക്കുന്നത്. മുരുകേശനൊപ്പം ജോലി ചെയ്തിരുന്ന യുവതിക്ക് ഇയാൾ തന്നെ ഇടപെട്ട് മെക്കാനിക്കൽ വിഭാഗത്തിൽ നിന്നും ഓഫീസിൽ ജോലി ശരിയാക്കി. അതിന് പണവും കൈപറ്റി. എന്നാൽ തരം കിട്ടുമ്പോഴൊക്കം ഇതിന്റെ പേരിൽ പണം ചോദിച്ചു തുടങ്ങി. സഹപ്രവർത്തക ഇതിനെ ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് ഒരു ദിവസം ഫോണിൽ വിളിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചത്. മാത്രമല്ല കേട്ടലറക്കുന്ന തെറിവിളിയും നടത്തി. കോൾ റെക്കാർഡ് സഹിതം റെയിൽ വേ ഡിവിഷണൽ മാനേജർക്കും റെയിൽവേ പൊലീസിനു ഉദ്യോഗസ്ഥ പരാതി നല്കി.

റെയിൽവേ പൊലീസ് ആദ്യം കേസ് ശുശ്കാന്തിയോടെ അന്വേഷിച്ചുവെങ്കിലും പിന്നിട് നടപടിയൊന്നു ആയില്ല. കേസിനെ കുറിച്ച അന്വേഷിക്കുമ്പോൾ നടപടി പുരോഗമിക്കുന്നുവെന്ന് ഒഴുക്കൻ മറുപടിയാണ് നല്കിയിരുന്നത്. ഡിവിഷണൽ മാനേജർക്ക് നല്കിയ പരാതി ഡിവിഷനിലെ ആഭ്യന്തര അന്വേഷണ സമിതി പരിശോധിക്കുകയും മുരുകേശൻ പിള്ളയ്‌ക്കെതിരെ അച്ചടക്ക നടപടി കൈകൊള്ളാൻ ശുപാർശ ചെയ്യുകയും ചെയ്തു. എന്നാൽ സമിതിയുടെ ശുപാർശ വന്നയുടൻ റെയിൽവേ ജീവനക്കാരുടെ സംഘടനയായ എസ് ആർ എം യു അടിന്തിര യോഗം ചേർന്ന് ഡിവിഷണൽ അസിസ്റ്റന്റ് സെക്രട്ടറിയായ മുരുകേശൻ പിള്ളയെ പെട്ടെന്ന് ട്രഷറർ ആയി നിയമിക്കുകയും മുരുകേശൻ സംഘടനയുടെ ട്രഷറർ ആണെന്ന വിവരം ഡിവിഷണൽ ഓഫീസിൽ അറിയിക്കുകയും ചെയ്തു.

ഫോണിലൂടെയുള്ള ലൈംഗിക അതിക്രമ പരാതി നടപടിയിൽ നിന്നു മുരുകേശനെ രക്ഷിക്കാനാണ് സംഘടയുടെ ട്രഷറർ ആക്കിയത്. പ്രിൻസിപ്പിൾ ഓഫീസ് ബിയറർമാരെ ഓഫീസ് ആസ്ഥാനത്ത് നിന്ന് സ്ഥലം മാറ്റാൻ പാടില്ല എന്നിരിക്കെ ആ സൗജന്യം ഉറപ്പാക്കി നടപടയിൽ നിന്നു രക്ഷപ്പെടുകയായിരുന്നു ഉദ്ദേശം. ഇതോടെ സമിതി ശുപാർശ വന്നെങ്കിലും മുരുകേശനെതിരെയുള്ള നടപടി കോൾഡ് സ്റ്റോറേജിലായി. പിന്നീട് അപമാനം നേരിട്ട യുവതി തന്നെ ഇക്കാര്യം വിവരിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്കിയതോടെയാണ് കേസിന് വീണ്ടും ജീവൻ വെച്ചത്. റെയിൽവേ പൊലീസ് വേഗത്തിൽ തന്നെ കേസിൽ പുനരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

എസ് ആർ എം യു സമ്മർദ്ദം നിലനിൽക്കെ ഡിവിഷണൽ മനേജർ പേരിന് ഒരു നടപടി എന്ന നിലയിൽ മുരുകേശനെ വേളിയിലേക്ക് സ്ഥലം മാററി. വേളി സ്റ്റേഷനിലെ കോച്ചസ് ആൻഡ് വാഗൺ ഡിവിഷനിൽ മെക്കാനിക്കൽ വിഭാഗത്തിൽ ഹെൽപ്പർ തസ്തികയിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു. തസ്തിക മാറ്റത്തിനും പുതിയ ജോലിക്കുമായി മുരുകേശൻ നടത്തുന്ന പണപിരിവിൽ ഇദ്ദേഹം ഭാരവാഹിയായ സംഘടനയ്ക്കും മററു നേതാക്കൾക്കും ബന്ധമുണ്ടെന്നാണ് ആരോപണം. എന്നാൽ മുരുകേശൻ പിള്ളയെ സംഘടനാ ചുമതലകളിൽ നിന്നും നേരത്ത തന്നെ മാറ്റിയിരുന്നുവെന്നും ഇദ്ദേഹത്തിന് എസ് ആർ എം യു വുമായി ബന്ധമില്ലന്നാണ് സംഘടാ നേതൃത്വം പറയുന്നത്.

തമ്പാനൂർ പൊലീസ് പിടിയിലായ മുരുകേശൻ പിള്ളയ്‌ക്കെതിരെ ജോലി തട്ടിപ്പു സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്‌നടന്നത്. ജോലി വാഗ്ദാനം ചെയ്ത് ഇയാൾ 4 കോടിയോളം രൂപ തട്ടിയിട്ടുണ്ടെന്നാണു പരാതി. പാറശാല സ്വദേശിയിൽ നിന്ന് 2019 ഡിസംബറിൽ 5 ലക്ഷം രൂപ വാങ്ങിയെങ്കിലും ജോലി ലഭിച്ചില്ലെന്നും പണം തിരികെ നൽകിയില്ലെന്നും പരാതിയുണ്ടായി. 2022 മാർച്ച് 30 ന് പണം നൽകാമെന്ന് ഒത്തുതീർപ്പിലെത്തിയെങ്കിലും പണം തിരികെ നൽകാൻ തയാറാകാതിരുന്നതോടെയാണ് പൊലീസിനെ സമീപിച്ചത്.

തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പത്തും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ രണ്ടും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് ഒളിവിലായിരുന്ന മുരുഗേശപിള്ളയെ കഴിഞ്ഞ രാത്രി ദിവസം രാത്രിയാണ് അറസ്റ്റ് ചെയ്തത്്. നിയമാനുസൃതമല്ലാതെ അവധിയിലായതിന് ഇയാളോടു റെയിൽവേ കാരണം ചോദിച്ചിട്ടുണ്ട്. എസ്ആർഎംയു നേതാവായ ഇയാൾക്കെതിരെ നേരത്തെ റെയിൽവേ ജീവനക്കാരിൽ നിന്നു പണം തട്ടിയെന്ന ആരോപണമുണ്ടായിരുന്നു.