ബിജെപിയും ലീഗും ഒക്കചങ്ങാതിമാർ ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിച്ച് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിന് ഒറ്റ ചങ്ങാതിയെ ഉള്ളൂ... അത് യുഡിഎഫ് മാത്രം; പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡൽഹിയിൽ ബിജെപിയുമായി മുൻപ് കൂട്ട് കൂടിയ ചരിത്രം ഇടതു പക്ഷത്തിനാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പ്രസ്താവന മുസ്ലിം ലീഗ് ഏറ്റുപിടിച്ചു എന്ന ആരോപണം ഉയരുന്ന സാഹചര്യത്തിൽ കൂടി ആണ് പികെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. അതേസമയം, ഒപ്പ് വിവാദത്തിൽ ​ബിജെപി നേതാവിന്റെ ആരോപണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന സംബന്ധിച്ച് കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

"ഞങ്ങൾക്ക് ചങ്ങാതിമാർ ഉണ്ട്, അത് യുഡിഎഫ് ആണ്. കാണുന്നവരൊക്കെ ഞങ്ങളുടെ ചങ്ങാതിമാർ അല്ല. ഇതെല്ലാം അതാത് സമയങ്ങളിൽ സിപിഎം ചെയ്യുന്ന ചില നയങ്ങൾ ആണ്. സാമ്പാറിൽ വൈദഗ്ധ്യം ഉള്ളത് ഇടതു പക്ഷത്തിനാണ് ഞങ്ങൾക്കല്ല"- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഒപ്പ് വിവാദം ഉന്നയിച്ചവർ വേണം അത് തെളിയിക്കാൻ. ഒപ്പ് വ്യാജം ആണെന്ന് തെളിയിക്കേണ്ടത് ബിജെപി ആണ്, അല്ലെന്ന് ഇടത് പക്ഷവും. മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമാണെങ്കിൽ അതിലും വലുത് വരാനില്ല എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ആദ്യ പ്രതികരണം. ഒപ്പ് വ്യാജം ആണെങ്കിൽ അത് ഗൗരവം ഉള്ള വിഷയം ആണെന്ന് ആണ് താൻ പറഞ്ഞത്. പ്രസ്താവന പരിശോധിക്കാതെ ആണോ ആദ്യം പ്രതികരിച്ചത് എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.

ബിജെപിയുടെ ഒക്കച്ചങ്ങാതിയാണ് മുസ്ലിം ലീഗെന്നാണ് മുഖ്യമന്ത്രി ഇന്നലെ വിശേഷിപ്പിച്ചത്. ബിജെപിയുടെ ആരോപണം 'ഒക്കെ ചങ്ങാതിമാർ' എങ്ങനെ ഏറ്റെടുക്കാതിരിക്കും. ബിജെപി പറഞ്ഞാല്‌ ലീഗും യുഡിഎഫും ഏറ്റെടുക്കും. ആരോപണം ഉന്നയിച്ച ആൾക്ക് ഒരു പക്ഷേ ഇതിലെ സാങ്കേതികത്വം അറിയില്ലായിരിക്കാം. എന്നാൽ കുഞ്ഞാലിക്കുട്ടിക്ക് അറിയാതിരിക്കാൻ വഴിയില്ല. കോൺഗ്രസിനെക്കാളും വാശിയിൽ‌ ലീഗാണ് ചില കാര്യങ്ങളിൽ ബിജെപിയെ സഹായിക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

ബം​ഗളൂരു ലഹരി കടത്ത് കേസ് കേരളവും ​ഗൗരവത്തോടെ കാണണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതികൾക്ക് ഉന്നതതലത്തിൽ നിന്ന് സഹായം കിട്ടുന്നുവെന്നത് ഗൗരവമുള്ള കാര്യമാണ്. മയക്ക് മരുന്നു കേസ് നിസാരവത്ക്കരിക്കരുത്. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് മാഫിയയുടെ വേരുണ്ടെങ്കിൽ കണ്ടു പിടിക്കണം, വേരറുക്കണം. പുതിയ വിവരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പി.കെ.ഫിറോസ് പറഞ്ഞതിലേക്കാണ് കാര്യങ്ങൾ വരുന്നതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ജോസ് കെ മാണി വിഷയത്തിൽ ആദ്യം യുഡിഎഫിൽ ധാരണ വരട്ടെ പിന്നീട് മാത്രമേ കൂടുതൽ ചർച്ചകൾ ഉണ്ടാകൂവെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. താൻ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരുമോ ഇല്ലയോ എന്ന് പറയേണ്ട സമയം അല്ല ഇതെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.