വയനാട്: കൽപ്പറ്റയിൽ മുല്ലപ്പള്ളി സ്ഥാനാർത്ഥിയാകുന്നതനോട് മുസ്ലിം ലീ​ഗിന് എതിർപ്പ്. മുല്ലപ്പള്ളി രാമചന്ദ്രനെ യുഡിഎഫ് സ്ഥാനാർത്ഥിയായി കല്പറ്റയിൽ അം​ഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീ​ഗ് വയനാട് ജില്ലാ സെക്രട്ടറി പരസ്യമായി പറഞ്ഞതോടെയാണ് മുന്നണിയിൽ പ്രശ്നങ്ങൽ തലപൊക്കിയത്. കല്പറ്റ നിയോജക മണ്ഡലത്തിൽ മുല്ലപ്പള്ളി സ്ഥാനാർത്ഥി ആയേക്കുമെന്ന സൂചനകൾക്ക് പിന്നാലെയാണ് എതിർപ്പുമായി ലീഗ് ജില്ലാ നേതൃത്വം രം​ഗത്തെത്തിയത്. കൽപ്പറ്റ കോൺഗ്രസിന് നൽകണമെന്ന് പറയാനാവില്ലെന്നാണ് ലീഗ് ജില്ലാ സെക്രട്ടറി യഹിയ ഖാൻ വ്യക്തമാക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

‘ഇത്തവണ കൽപ്പറ്റ മണ്ഡലത്തിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി ആയിരിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അതിനാവശ്യമായ പ്രവർത്തനങ്ങൾ ലീഗ് ജില്ലാക്കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുകയാണ്. കൽപ്പറ്റ കോൺഗ്രസിന്റെ സിറ്റിങ് സീറ്റല്ല. യു.ഡി.എഫിലെ എൽ.ജെ.ഡിയുടെ സിറ്റിങ് സീറ്റായിരുന്നു. ലീഗ് ഇത്തവണ അധികമായി ആവശ്യപ്പെട്ട മണ്ഡലത്തിൽ കൽപ്പറ്റ നിയോജക മണ്ഡലവും ഉണ്ട്. മുല്ലപ്പള്ളി വരാൻ യാതൊരു സാധ്യതയുമില്ല. വയനാട്ടിൽ നിലവിലെ സാഹചര്യത്തിൽ പുറത്ത് നിന്ന് മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് അത്തരത്തിലൊരു സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നില്ല,' യഹിയാ ഖാൻ പറഞ്ഞു. ലീഗിന് വയനാട്ടിൽ നിന്ന് നിയമസഭയിൽ പോയി പരിചയമുള്ള നേതാക്കളും പോയി കാര്യങ്ങളവതരിപ്പിക്കാൻ പ്രാപ്തിയുള്ള നേതാക്കളുമുണ്ടെന്നും ലീഗ് ജില്ലാ സെക്രട്ടറി പറഞ്ഞു.

നേരത്തെ മുല്ലപ്പള്ളി തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. കൽപ്പറ്റ മണ്ഡലത്തിലേക്ക് മത്സരിക്കാനാണ് സാധ്യതയെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇതിന് പിന്നാലെയാണ് വയനാട് ലീഗ് നേതൃത്വം പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ അടക്കമുള്ള ദേശീയ നേതാക്കളും മുല്ലപ്പള്ളി മത്സരിക്കുന്നതിൽ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വത്തോട് വിയോജിപ്പില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കമുള്ള മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു.