കൊച്ചി : മുട്ടിൽ മരംമുറി കേസിലെ അന്വേഷണം ഫലപ്രദമല്ലെങ്കിൽ കോടതിയിൽ പരാതിപ്പെടാൻ അവസരം ഉണ്ടാകുമെന്ന് ഹൈക്കോടതി. കേസിൽ ഇപ്പോൾ സിബിഐ അന്വേഷണമില്ലെന്ന് ഹൈക്കോടതി. കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണത്തിന് വിടണമെന്നും ആവശ്യപ്പെട്ട് ജോർജ് വട്ടുകുളം സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.

ചീഫ് ജസ്റ്റിസ് എസ്. മണികുമാറും, ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിൽ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള അന്വേഷണം തൃപതികരമല്ലെന്നായിരുന്നു ഹർജിയിൽ ആരോപിച്ചിരുന്നത്. എന്നാൽ കേസ് ഡയറി പരിശോധിച്ച ഡിവിഷൻ ബെഞ്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും നിലവിലെ അന്വേഷണ റിപ്പോർട്ട് കോടതിക്ക് തൃപ്തികരമല്ല. എന്നാൽ കേസ് നിലവിൽ സിബിഐക്ക് കൈമാറാണ്ടതില്ലെന്നും ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി അറിയിച്ചു.

കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങൾക്ക് തോന്നുകയാണെങ്കിൽ കോടതിയിൽ പരാതിപ്പെടാൻ അവസരമുണ്ടാകും. അതിനുള്ള മാർഗരേഖയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. മരം മുറിച്ച് കടത്തിയ സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കേസുകളിൽ സമഗ്ര അന്വേഷണം നടന്നു വരികയാണ്. അന്വേഷണത്തിൽ കാലതാമസം വരുമെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചത്. കൂടാതെ പട്ടയ ഭുമിയിലെ മരങ്ങളാണ് മുറിച്ചതെന്നും ഭൂരിഭാഗം പ്രതികളും കർഷകരാണന്നും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അഡ്വക്കറ്റ് ജനറൽ അറിയിച്ചു. സർക്കാർ വാദം കണക്കിലെടുത്താണ് ഹർജി കോടതി തള്ളിയത്.