എറണാകുളം: പുതുതായി നിർമ്മാണം പൂർത്തിയാക്കിയ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ കെട്ടിടം ശനിയാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.

ആധുനിക സൗകര്യങ്ങളോടെ 845 ചതുരശ്രമീറ്ററിൽ രണ്ട് നിലകളിലായാണ് പൊലീസ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. സന്ദർശകർക്കായുള്ള പ്രത്യേക മുറി, ക്യാന്റീൻ, സ്ത്രീകൾ, പുരുഷന്മാർ, ഇതര വിഭാഗക്കാർ എന്നിവർക്കായി പ്രത്യേക സെല്ലുകൾ, ഉദ്യോഗസ്ഥർക്കായുള്ള വിശ്രമമുറികൾ തുടങ്ങി വിപുലമായ സൗകര്യങ്ങൾ സ്റ്റേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എംപി, മാത്യൂ കുഴൽനാടൻ എംഎ‍ൽഎ, മൂവാറ്റുപുഴ നഗരസഭാ ചെയർമാൻ പി. പി എൽദോസ്, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, മൂവാറ്റുപുഴ ഡി.വൈ.എസ്‌പി എസ്. മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ സി. ജെ മാർട്ടിൻ, വാർഡ് കൗൺസിലർ ജയശ്രീ രാജു എന്നിവർ പങ്കെടുക്കും.