കണ്ണൂർ: വിവിധതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒന്നായി ഏകീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. കണ്ണുർ അഴീക്കോടൻ മന്ദിരത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടോ മൂന്നോ മാസം കൊണ്ട് ഏകീകൃത ഡിപ്പാർട്ട്‌മെന്റാക്കി മാറ്റും. ഒരു കുടക്കീഴിൽ കോർപ്പേറേഷൻ, നഗരസഭ, പഞ്ചായത്തുകൾ എന്നിവ ഒറ്റ കുടക്കീഴിലാക്കി മാറ്റും.ഇതിനുള്ള ഉദ്യോഗസ്ഥ വിന്യാസം ഒറ്റ പാറ്റേണിലാണ് വരിക. ഈ വിഷയത്തിൽ മറ്റ് തടസങ്ങളുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥ സംഘടനാ നേതാക്കളുമായി ചർച്ച നേരത്തെ നടത്തിയിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിനെ നോളജ് ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ഉദ്യേശിക്കുന്നത്. തളിപ്പറമ്പിലെ കില ലോ കോത്തര നിലവാരമുള്ള സ്ഥാപനമാണ്. കിലയുടെ വികസനം പരമാവധി സാധ്യമാക്കും.ഇതിനു പറ്റിയ ഒട്ടേറെ സ്ഥലം കിലയുടെ പരിസരത്തുണ്ട്. മനോഹരമായ സ്ഥലമാണതെന്നും തളിപ്പറമ്പിൽ വികസനം കൊണ്ടുവരാൻ ഇതിലുടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയംപര്യാപ്തത നേടണമെന്നാണ് സർക്കാർ നയം ഇതിനായി വിവിധ പദ്ധതികൾ ആവിഷ്‌കരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി മാലിന്യപ്രശ്‌നമാണ് ഇതു പരിഹരിക്കുന്നതിനായി ഖരമാലിന്യ സംസ്‌കരണത്തിന്നായി ലോകബാങ്ക് സഹായത്തോടെ 2500 കോടിയുടെ പദ്ധതി നടപ്പാക്കും. അഭ്യസ്തവിദ്യരായ കുടുംബശ്രീ പ്രവർത്തകരെ വികസന പ്രവർത്തനങ്ങളിൽ ഉപയോഗിക്കും. കെ. ഫോൺ പദ്ധതി നടപ്പിലാക്കും. ദേശീയപാതയുടെ സ്ഥലമെടുപ്പ് വളരെ വേഗം പുർത്തിയാക്കും ആദ്യം സ്ഥലമെടുപ്പ് വേഗം പുർത്തിയാകും.

അഴീക്കൽ പോർട്ടിന്റെ വികസന പ്രവൃത്തി അതി വേഗം നടപ്പിലാക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നാണ് വിലയിരുത്തൽ.എല്ലാവരും ചേർന്നുള്ള പ്രവർത്തനമാണ് നടത്തുന്നത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരു ചരടിൽ കോർത്ത തന്നെ മുൻപോട്ടു പോകുമെന്നും അംഗീകരിക്കേണ്ട കാര്യങ്ങൾ ആ രീതിയിൽ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നല്ല രീതിയിലാണ് മുൻപോട്ടു കൊണ്ടു പോകുന്നത്. ഓക്‌സിജൻ ക്ഷാമ മോ ലഭ്യത കുറവോ എവിടെയുമില്ലെന്ന് മന്ത്രി വ്യക്തമാക്കി.