ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയും സംവിധായകൻ വിഗ്‌നേഷ് ശിവനുമായുള്ള പ്രണയ ബന്ധം സിനിമാ ലോകത്ത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇവർ വിവാഹിതരാകുമോ എന്ന ആകാംക്ഷ മാത്രമാണ് നിലനിൽക്കുന്നത്. ഇതിനിടെ വിജയ് ടിവിയിൽ നയൻതാരയുടെ അഭിമുഖത്തിന്റെ ടീസർ പുറത്തുവന്നിട്ടുണ്ട്. വിഗ്നേഷുമായുള്ള വിവാഹ എൻഗേജ്‌മെന്‌റിനെ കുറിച്ചുള്ള ഒരു വാക്ക് നടി ഇതിൽ പറയുന്നു. ഇതോടെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.

അടുത്തിടെ വിഗ്‌നേഷ് ശിവൻ പുറത്തുവിട്ട ഒരു ചിത്രം സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. വിരലിൽ മോതിരമണിഞ്ഞ നയൻതാരയുടെ കൈയിന്റെ ചിത്രമാണ് താരം പുറത്തുവിട്ടത്. ഇതോടെ ആരാധകർ ആകാംഷയിലായി. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് അന്ന് ആഗ്രഹിച്ച ഉത്തരമല്ല ലഭിച്ചത്. എന്നാൽ ഇപ്പോഴിതാ നയൻതാര ആ മോതിരത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.

വിജയ് ടിവിയുടെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച അഭിമുഖത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു. അതിലാണ് നയൻതാര മോതിരത്തെ കുറിച്ച് പറയുന്നത്. മോതിരത്തിന്റെ ചിത്രം വൈറലായ കാര്യം ചോദിച്ചപ്പോൾ ' ഇത് വന്ത് എന്റഗേജ്മെന്റ് റിങ്ങ്' എന്നാണ് നയൻതാര ചിരിച്ച് കൊണ്ട് പറഞ്ഞത്. ഇതിന് പിന്നാലെ പരിപാടിയുടെ പ്രോമോ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാവുകയും ചെയ്തു. വിഗ്‌നേഷ് ശിവനിൽ എന്താണ് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് എല്ലാം ഇഷ്ടമാണെന്നാണ് നയൻതാര പറഞ്ഞത്.

കുറച്ച് കാലങ്ങൾക്ക് മുമ്പ് ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിഗ്‌നേഷ് ശിവനും നയൻതാരയുമായുള്ള വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. നാനും റൗഡി താൻ എന്ന 2015ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. 'ഞങ്ങൾക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീർക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാൻ. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയിൽ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോൾ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോൾ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാൻ എല്ലാം ശരിയാകുമ്പോൾ ആ തീരുമാനമെടുക്കാം. അപ്പോൾ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം.'- വിഗ്‌നേഷ് ശിവൻ