തിരുവനന്തപുരം:കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയോട് പ്രതികരിച്ച് എൻ എസ് മാധവൻ. തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് അദ്ദേഹം പ്രതികരിച്ചത്. ട്വിറ്ററിലൂടെ യേശുവുമായി ബന്ധപ്പെട്ട ഒരു കഥയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

''യേശു ഒരുകഥ പറഞ്ഞു. ഒരിക്കൽ ഒരു കർഷകൻ വിത്ത് വിതയ്ക്കുവാൻപോയി. ചില വിത്തുകൾ വഴിയരികിൽ വീണു. അവ കിളികൾ കൊത്തിത്തിന്നു. ചില വിത്തുകൾ പാറസ്ഥലങ്ങളിൽ വീണു. അവ പെട്ടെന്ന് മുളച്ചെങ്കിലും മണ്ണിന് ആഴമില്ലാത്തതിനാൽ ആഴത്തിൽ വേരിറങ്ങാൻ കഴിഞ്ഞില്ല. ഈ മുളയ്ക്കലും അങ്ങനെയെന്ന് കരുതുന്നു.'' എൻ എസ് മാധവന്റെ ട്വീറ്റ് ചെയ്തു.

 


അതേസമയം ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, ഫിലിപ്പ്, ചാക്കോ എന്നീ സഹോദരന്മാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്‌പി കെ സുഭാഷ്, എസ്‌ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.

ആഴ്ചകൾ നീണ്ട കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള ചരിത്രസമരം, 105 ദിവസത്തെ രഹസ്യവിചാരണയിലൂടെയുള്ള വിസ്താരം, എല്ലാറ്റിനുമൊടുവിൽ നീതി ഇനിയും അകലെയാണ് അതിജീവിതയ്ക്ക്. നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ പ്രധാനമായും ഏഴ് കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പൊലീസ് ചുമത്തിയത്. കോടതിയിൽ വച്ച് നീതി ദേവത അരുംകൊല ചെയ്യപ്പെട്ടുവെന്നാണ് കോടതി വിധിയോട് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചത്.