തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുമ്പോൾ 1960ലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഓർത്തെടുത്ത് എഴുത്തുകാരൻ എൻ.എസ് മാധവൻ. 1960ൽ കത്തോലിക്കാ സഭയുടെ ഇടയലേഖനവും ഇതുമായി ബന്ധപ്പെട്ട നെഹ്റുവിന്റെ പ്രതികരണത്തെക്കുറിച്ചുമാണ് എൻ.എസ് മാധവൻ ഓർത്തെടുത്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകൾക്ക് വോട്ട് ചെയ്യരുത് എന്നാവശ്യപ്പെട്ട് കത്തോലിക്ക സഭയിലെ ബിഷപ്പുമാർ ഇടയലേഖനം ഇറക്കിയപ്പോഴുള്ള നെഹ്റുവിന്റെ പ്രതികരണത്തെ അഭിനന്ദിച്ചായിരുന്നു എൻ.എസ് മാധവൻ മുന്നോട്ട് വന്നത്.

''1960ലെ തെരഞ്ഞെടുപ്പിൽ കത്തോലിക്ക സഭാ ബിഷപ്പുമാർ ഇടയലേഖനം ഇറക്കി കമ്മ്യൂണിസ്റ്റുകാർക്ക് വോട്ട് ചെയ്യരുത് എന്നാവശ്യപ്പെട്ടു. അന്ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന തെരഞ്ഞെടുപ്പ് ജാഥയിൽ പുരോഹിതരോട് രാഷ്ട്രീയത്തിൽ ഇടപെടേണ്ട എന്നാണ് നെഹ്റു പറഞ്ഞത്. അതാണ് മതേതരത്വം,'' എൻ.എസ് മാധവൻ പറഞ്ഞു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലും ഇടയലേഖനങ്ങൾ ചർച്ചയായിരുന്നു. സംസ്ഥാന സർക്കാരിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രണ്ടാഴ്ച മുൻപ് ലത്തീൻ പള്ളികളിൽ ഇടയലേഖനം വായിച്ചത് വിവാദമായിരുന്നു. കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മുൻഗണന നൽകി മത്സ്യ മേഖലയെ തകർക്കാനുള്ള നിയമനിർമ്മാണം നടന്നെന്ന ആക്ഷേപമാണ് കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്കെതിരായ ഇടയലേഖനത്തിൽ പറഞ്ഞിരുന്നത്.