കോഴിക്കോട്: നഷ്ടപ്പെട്ടന്ന് കരുതിയ ബാഗ് തിരികെ വാങ്ങുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു നാദിർഷായ്ക്കും കുടുംബത്തിനും.ബാഗ് സുരക്ഷിതമായി തിരിച്ചേൽപ്പിക്കാൻ കഴിഞ്ഞതിൽ അതിലേറെ സന്തോഷം റെയിൽവേ ഉദ്യോഗസ്ഥർക്കും. റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് നാദിർഷയും കുടുംബവും തീവണ്ടിയിൽ മറന്നുവെച്ച വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് തിരികെ കിട്ടിയത്.

വ്യാഴാഴ്ച രാവിലെയാണ് മകൾ ഐഷയുടെ നിക്കാഹിനായി നാദിർഷായും കുടുംബവും മലബാർ എക്സ്‌പ്രസിൽ കാസർകോട് എത്തിയത്.തീവണ്ടിയിറങ്ങിയതിനുശേഷമാണ് കുടുംബം ആഭരണങ്ങളടങ്ങിയ ബാഗ് മറന്ന കാര്യം ഓർമവന്നത്. എപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു.ഒടുവിൽ റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ബാഗ് തിരികെ കിട്ടിയത്.

ബാഗ് മറന്നത് മനസിലായ ഉടൻ തന്നെ കാസർകോട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനെ നാദിർഷാ വിവരം അറിയിച്ചു. എ-വൺ കോച്ചിലായിരുന്നു ബാഗ് മറന്നു വെച്ചത്. ആർ.പി.എഫ്. അപ്പോൾ തന്നെ ട്രാവലിങ് ടിക്കറ്റ് ഇൻസ്‌പെക്ടറും ബാച്ച് ഇൻ ചാർജുമായ എം. മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടൻ കോച്ച് പരിശോധിച്ചു. കാസർകോടിനും കുമ്പളയ്ക്കും ഇടയിൽ എത്തിയപ്പോൾ 41-ാമത്തെ സീറ്റിനടിയിൽ ബാഗ് കണ്ടെത്തി. ഈ സമയം കോച്ചിൽ മറ്റാരും ഇല്ലായിരുന്നു. വണ്ടിയിൽ സ്‌പെഷ്യൽ ചെക്കിങ്ങിനെത്തിയ ആർ.പി.ഫ് എഎസ്ഐ ബിനോയ് കുര്യനും കോൺസ്റ്റബിൾ സുരേശനും ബാഗ് ഏൽപ്പിച്ചു. തീവണ്ടി മംഗാലപുരത്തെത്തിയപ്പോൾ റോഡ് മാർഗമെത്തിയ നാദിർഷായുടെ ബന്ധുവിന് ബാഗ് കൈമാറി.