ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പതിനേഴാമത് വലിയ പൊങ്കാല മഹോത്സവത്തിനു ഫെബ്രുവരി 14ന് (ഞായർ) തിരി തെളിയും. രാവിലെ 4.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. മേൽശാന്തി ഉമേഷ് അടികൾ പരികർമ്മിയാകും.

എല്ലാ വർഷവും കുംഭ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക. പൊങ്കാല സമർപ്പണത്തിനുള്ള മൺകലം, അരി, ശർക്കര, വിറക് മുതലായവ ക്ഷേത്രത്തിലെ കൗണ്ടറിൽ ലഭിക്കും.

വ്രതശുദ്ധിയോടും ആത്മസമർപ്പണത്തോടും കൂടി സ്ത്രീകളും കന്യകമാരും ക്ഷേത്രാങ്കണത്തിൽ അടുപ്പുകൂട്ടി അരി ശർക്കര എന്നിവ വച്ച് തിളച്ചു തൂവി പാകമാവുമ്പോൾ തീർത്ഥം തളിച്ച നിവേദ്യം ദേവീ മന്ത്രജപത്തോടെ അഭീഷ്ട വര പ്രദായിനിയായ ശ്രീ ഭഗവതിക്ക് സമർപ്പിക്കുമ്പോൾ ദീർഘ സുമംഗലീത്വം, മംഗല്യ ഭാഗ്യം, ആയുരാരോഗ്യ സമ്പൽസമൃദ്ധി ഇവയെല്ലാം അരുളി അമ്മ തന്റെ ഭക്തരെ കാത്തു രക്ഷിക്കുമെന്നാണു സങ്കൽപ്പം.

വലിയ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും നടക്കും. ഉഷപൂജ, 8.30നു പൊങ്കാല അടുപ്പിലേക്ക് അഗ്‌നി പകരൽ, തുടർന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിക്കൽ, ഉച്ചപൂജ, ഉച്ച ദീപാരാധന, തത്ത്വമസി വികാസ്പുരി അവതരിപ്പിക്കുന്ന ഭക്തിഗാനാർച്ചന എന്നിവയാണ് പ്രധാന പരിപാടികൾ. ഉച്ചക്ക് നടക്കുന്ന അന്നദാനത്തിൽ ജാതി മത ഭേദമന്യേ നിരവധിപേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഡൽഹിയുടേയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേയ്റ്റർ നോയിഡ, ഗുഡ്ഗാവ്, ഫരീദാബാദ്, ഗസ്സിയാബാദ്, ഇന്ദിരാപുരം, ഷാലിമാർ ഗാർഡൻ എന്നീ സ്ഥലങ്ങളിൽനിന്നെല്ലാം പൊങ്കാലകളും മറ്റു പൂജകളും ബുക്ക് ചെയ്യുവാനുള്ള കൂപ്പണുകളും വഴിപാടു രസീതുകളും മറ്റും അവിടങ്ങളിലെ ഏരിയ കോഓർഡിനേറ്റർമാരിൽ ഈ മാസാവസാനത്തോടെ എത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: 9811219540, 9811744625, 9650421311.

റിപ്പോർട്ട്: പി.എൻ. ഷാജി