ലണ്ടൻ: നഗ്നനായ ഒരാൾ തെരുവുകളിൽ ഓടുന്നത് കണ്ട ആളുകൾ ഞെട്ടിത്തരിച്ചു. സെൻട്രൽ ലണ്ടനിലെ തെരുവിലാണ് അപ്രതീക്ഷിതമായി ന​ഗ്നനായ യുവാവ് പ്രത്യക്ഷപ്പെട്ടത്. ഒഴിഞ്ഞ തെരുവിൽ മറ്റ് കാൽനടയാത്രക്കാരുടെ അരികിൽ ഓടുന്ന നഗ്നന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞ ഞായറാഴ്​ചയാണ്​ കൗതുകവും ഞെട്ടലും പകർന്ന്​ യുവാവി​ന്റെ ന​ഗ്നനായുള്ള നഗരപ്രദക്ഷിണം.

ചുറ്റുമുള്ളവർ നോക്കിയിട്ടും ഒട്ടും കൂസാതെ നടന്നുനീങ്ങിയ യുവാവിനോട്​ എന്തിന്​ നഗ്​നത കാട്ടുന്നുവെന്ന ചോദ്യത്തിന്​ 'അലക്കാൻ അഴിച്ചുവെച്ചു'വെന്നായിരുന്നു പ്രതികരണം. ബ്ലൂസ്​ബറി സ്​ക്വയർ ഗാർഡൻസ്​ പരിസരത്ത്​ ആദ്യം കണ്ട ഇയാൾ പിന്നീട്​ ബ്രിട്ടീഷ്​ മ്യൂസിയം പരിസരത്തും ഓടിനടന്നതായും റിപ്പോർട്ടുകൾ പറയുന്നു. നാട്ടുകാരിൽ ആരോ അറിയിച്ചതനുസരിച്ച്​ പൊലീസ്​ സ്​ഥലത്തെത്തിയെങ്കിലും അപകടം മണത്ത്​ ഇയാൾ ഓടി രക്ഷപ്പെട്ടു. വീണ്ടും വരാമെന്ന സംശയത്തിൽ പൊലീസ്​ പട്രോളിങ്​ നടത്തിയെങ്കിലും ലഭിച്ചില്ലെന്നാണ്​ സൂചന.

ആഴ്​ചകളായി രണ്ടാമതും നിയന്ത്രണം കടുത്ത ബ്രിട്ടനിൽ സാധാരണ ജീവിതം തടസ്സപ്പെട്ട നിലയിലാണ്​. റസ്​റ്റൊറൻറുകൾ ഉൾപെടെ മാർച്ച്​ അവസാനം വരെ അടച്ചിടാനാണ്​ നിലവിലെ തീരുമാനം. ഇത്​ മെയ്‌​ വരെ നീട്ടണമെന്ന്​ കഴിഞ്ഞ ദിവസം ശാസ്​ത്രജ്​ഞർ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിനിടെയാണ്​ നാട്ടുകാരെ ഞെട്ടിച്ചും ചിലർക്ക്​ കോവിഡ്​ വികൃതിയായും തോന്നിയ നഗ്​നത പ്ര​ദർശനം. ഇയാളെ കുറിച്ച്​ പരാതികൾ ലഭിച്ചതായി ​പൊലീസും സ്​ഥിരീകരിച്ചു.