കൊലപാതകത്തെ തുടർന്ന് നടന്ന ഹർത്താലിലുണ്ടായ അക്രമങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഡീഷനൽ എസ്‌പി എ.നസീം, ചേർത്തല ഡിവൈഎസ്‌പി വിനോദ് പിള്ള, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബിജി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ 10 സിഐമാർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരിയും ജില്ലാ പൊലീസ് മേധാവി ജി.ജയദേവും അന്വേഷണ പുരോഗതി വിലയിരുത്തും.

സംഭവത്തിൽ കൊച്ചിയിൽ നിന്നുള്ള എൻഐഎ, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സംഘങ്ങൾ വിവരശേഖരണം നടത്തുന്നുണ്ട്.വ്യാഴാഴ്ച അറസ്റ്റിലായ 8 പ്രതികളെ ഓൺലൈനിലൂടെ മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ നിരോധനാജ്ഞ ഇന്നുകൂടി തുടരും.

നന്ദുകൃഷ്ണയുടെ വീട് കേന്ദ്രമന്ത്രിമാരായ വി.മുരളീധരനും പ്രഹ്ലാദ് ജോഷിയും ഇന്ന് സന്ദർശിക്കും.ബിജെപി നേതാവ് കുമ്മനം രാജശേഖരൻ കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. സംഭവത്തിൽ ഉത്തരവാദികളായവരുടെ വേരുകൾ കണ്ടെത്തുന്ന തരത്തിലുള്ള ഫലപ്രദമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ നീതികിട്ടാൻ കേന്ദ്ര ഏജൻസികൾ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു

അതേസമയം വയലാറിൽ എസ്ഡിപിഐ ആർഎസ്എസ് സംഘർഷത്തിനിടെയുണ്ടായ കൊലപാതകം അപ്രതീക്ഷിതമാണെന്നും പൊലീസിന് വീഴ്‌ച്ചയുണ്ടായില്ലെന്നും ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്. ഇരു സംഘത്തിന്റെയും മാർച്ച് നടക്കുമ്പോൾ പൊലീസ് ഉണ്ടായിരുന്നു. പ്രവർത്തകരെ പിരിച്ചുവിട്ട ശേഷമാണ് വീണ്ടും തർക്കവും ഏറ്റുമുട്ടലുമുണ്ടായത്. അതിനിടയിലാണ് കൊലപാതകം. ഇരുകൂട്ടരെയും പിന്തിരിപ്പിക്കാൻ പൊലീസ് ഇടപെട്ടെന്നും അദ്ദേഹം പറഞ്ഞു.