ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഏഴ് മാസമായി തുടരുന്ന കർഷക സമരം ഇനിയെങ്കിലും അവസാനിപ്പിക്കാൻ കർഷകർ തയ്യാറാകണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ.

കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളോട് കർഷകർക്ക് എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ അത് തുറന്ന് ചർച്ച ചെയ്യാനും പരിഹരിക്കാനും സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂടാതെ എല്ലാ കർഷക സംഘടനകളോടും സമരം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് 55 സെക്കന്റുള്ള ഒരു വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കർഷക സമരം തുടങ്ങി ഏഴ് മാസം പിന്നിടുന്ന സാഹചര്യത്തിൽ ഇന്നെല കർഷക സംഘടനകൾ രാജ്യവ്യാപകമായി രാജ്ഭവൻ മാർച്ച് ആസൂത്രണം ചെയ്തിരുന്നു. കൃഷിയും ജനാധിപത്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു മാർച്ച്. ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിൽ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ ട്രാക്ടർ റാലിയും നടന്നിരുന്നു.

കഴിഞ്ഞ നവംബർ ഇരുപത്തിയാറിനായിരുന്നു പഞ്ചാബിൽ നിന്നുള്ള കർഷകർ ഡൽഹി അതിർത്തികളിൽ കാർഷിക നിയമത്തിനെതിരെ സമരം ആരംഭിച്ചത്. പിന്നാലെ ഹരിയാനയിൽ നിന്നും, ഉത്തർ പ്രദേശിൽ നിന്നുമുള്ള കർഷകരും പ്രതിഷേധത്തിന് ഐക്യദാർഢ്യം ഡൽഹി അതിർത്തിയിലേക്ക് എത്തി. സിംഗു, തിക്രി, ഖാസിപൂർ അതിർത്തികളിലാണ് സമരം കത്തിപ്പടർന്നത്.

കാർഷിക നിയമങ്ങളെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ കർഷകരുമായി എത് സമയത്തും ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര കൃഷി മന്ത്രി മുൻപും പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാർ എത് കർഷക സംഘടനയുമായും ചർച്ചയ്ക്ക് തയ്യാറാണ്. ഇതിനായി എത് അർദ്ധരാത്രിയും സംഘടനകൾക്ക് കൃഷിമന്ത്രിയായ തന്നെയൊ സർക്കാറിനെയോ സമീപിക്കാം. നിയമം പിൻവലിക്കുക എന്ന ആവശ്യത്തിന് പുറത്ത് എന്തും ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാണെന്നായിരുന്നു മുൻപ് തോമറിന്റെ പ്രതികരണം.