ന്യൂഡൽഹി: ഡൽഹി കലാപം ആസൂത്രണം ചെയ്തതിൽ പങ്കുണ്ടെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ച ആക്ടിവിസ്റ്റും പിഞ്ച്ര തോഡ് പ്രവർത്തകയുമായ നടാഷ നർവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. നടാഷയുടെ പിതാവ് മഹാവീർ നർവാൾ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്.

മൂന്നാഴ്ചത്തേക്കാണ് ഡൽഹി ഹൈക്കോടതി നടാഷയ്ക്ക് ജാമ്യം അനുവദിച്ചത്. വ്യക്തിപരമായ നഷ്ടത്തിന്റേയും ദുഃഖത്തിന്റേയും പശ്ചാത്തലത്തിൽ ജാമ്യം നൽകേണ്ടത് അനിവാര്യമാണെന്ന് കോടതി പറഞ്ഞു. ഡൽഹി പൊലീസും ജാമ്യത്തെ എതിർത്തില്ല.

ശാസ്ത്രജ്ഞനും സിപിഎം മുതിർന്ന അംഗവുമായ മഹാവീർ നർവാളാണ് നടാഷയുടെ പിതാവ്. കോവിഡ് ബാധിച്ച് റോഹ്തക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മഹാവീർ മരിച്ചത്.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന തന്റെ പിതാവിനെ കാണാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് നടാഷ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. നടാഷയുടെ സഹോദരനും കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ഇപ്പോൾ ക്വാറന്റീനിൽ കഴിയുകയാണ്.

ജയിലിൽ കഴിയുന്ന നടാഷയ്ക്ക് എല്ലാ പിന്തുണയും നൽകിയത് പിതാവായിരുന്നു.

'എവിടെ ആളുകൾ കഷ്ടപ്പെടുന്നുവോ അവിടെ എന്റെ മകളെത്തും. അവളെ ഓർത്ത് അഭിമാനമുണ്ട്. ജയിലിൽ കഴിയുന്നതിനെക്കുറിച്ച് ഭയപ്പെടാനൊന്നുമില്ല. എന്റെ മകൾ അതിനെ പോസിറ്റീവായി നേരിടുകയും കൂടുതൽ ശക്തയായി തിരിച്ചെത്തുകയും ചെയ്യും', എന്നായിരുന്നു ഒരിക്കൽ മഹാവീർ നടാഷയെപ്പറ്റി പറഞ്ഞത്.

ഡൽഹി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത നടാഷ 2020 മെയ് മുതൽ തിഹാർ ജയിലിൽ തടവിൽ കഴിയുകയാണ്. ഡൽഹിയിൽ ഫെബ്രുവരിയിലുണ്ടായ കലാപം ആസൂത്രണം ചെയ്തതിൽ പങ്കുണ്ടെന്നാരോപിച്ചാണ് പൊലീസ് ഇവർക്കെതിരേ കേസെടുത്തത്.

അതേസമയം കോവിഡ് സാഹചര്യത്തിൽ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന ആവശ്യം ഇടത് പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും നേരത്തെ ഉന്നയിച്ചിരുന്നു.

നടാഷയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതും, അച്ഛനെ അവസാനമായി ഒന്ന് കാണാൻ പോലും അനുവദിക്കാത്തതും മോദി സർക്കാരിന്റെ ക്രിമിനൽ നടപടിയാണെന്ന് സിപിഎം ആരോപിച്ചിരുന്നു.