ന്യൂഡൽഹി: 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു.ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹെബ് ഫാൽക്കെ രജനീകാന്ത് സ്വീകരിച്ചു.

രാവിലെ പതിനൊന്ന് മണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തമിഴ് നടൻ ധനുഷ്, ബോളിവുഡ് താരം മനോജ് ബാജ്പേയ് എന്നിവരാണ് മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടത്. കങ്കണാ റണൗട്ടിനാണ് മികച്ച നടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചത്. പതിമൂന്ന് പുരസ്‌കാരങ്ങളാണു മലയാളത്തിനുള്ളത്.സാധാരണ രാഷ്ട്രപതിയാണ് ദേശീയ ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തിരുന്നത്.

രണ്ടു വർഷമായി ഉപരാഷ്ട്രപതിയാണു അവാർഡ് സമ്മാനിക്കുന്നത്. നേരിട്ട് വാങ്ങാത്തവർക്ക് അവാർഡ് അയച്ചുകൊടുക്കുന്നതും അവസാനിപ്പിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങാൻ സാധിച്ചില്ലെങ്കിൽ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റിന്റെ ഡൽഹി ആസ്ഥാനത്ത് നിന്ന് നേരിട്ട് കൈപ്പറ്റണം.