ന്യൂഡൽഹി: നാഷനൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആദ്യദിന ചോദ്യം ചെയ്യൽ അവസാനിച്ചു. ഒൻപത് മണിക്കൂറോളം ചോദ്യംചെയ്യൽ നീണ്ടുനിന്നു. ഇ ഡി ആസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി തിരിച്ചു. ചൊവ്വാഴ്ച വീണ്ടു ഹാജരാകണമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്.

രണ്ട് അസിസ്റ്റന്റ് ഡയറക്ടർമാരും ഒരു ഡെപ്യൂട്ടി ഡയറക്ടറും അടങ്ങുന്ന സംഘമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള രാഹുൽ ഗാന്ധിയുടെ ആസ്തികളെ കുറിച്ചും ബാങ്ക് അക്കൗണ്ടുകളെ കുറിച്ചും ആദ്യ ഘട്ടത്തിൽ അന്വേഷണ സംഘം ചോദിച്ചറിഞ്ഞതായാണ് വിവരം.

തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് രാഹുൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസിൽ എത്തിയത്.കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കാൽനടയായിയാണ് രാഹുൽ ഓഫീസിൽ എത്തിയത്.ചോദ്യം ചെയ്യലിനെ രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസ് ശ്രമിച്ചത്. അതിന്റെ ഭാഗമായിയാണ് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഇഡി ഓഫീസിന് മുന്നിൽ തടിച്ച് കൂടിയത്. പ്രശ്ന സാധ്യത കണ്ട് ഡൽഹിയിൽ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

രാഹുൽ ഗാന്ധിക്കൊപ്പം ഇഡി ഓഫീസിലേക്ക് മാർച്ച് ചെയ്യാനുള്ള കോൺഗ്രസ് നേതാക്കളുടെ നീക്കത്തെ ഡൽഹി പൊലീസ് തടഞ്ഞിരുന്നു. കോൺഗ്രസ് നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് നടത്തിയ കയ്യേറ്റത്തിൽ മുതിർന്ന നേതാവ് പി. ചിദംബരത്തിന്റെ ഇടതു വാരിയെല്ല് ഒടിഞ്ഞു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചോദ്യം ചെയ്യൽ മൂന്നു മണിക്കൂർ പിന്നിട്ടതിനു ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധി ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലെത്തിയിരുന്നു. സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ സോണിയയെ കാണാൻ എത്തിയത്. സോണിയയെ സന്ദർശിച്ച ശേഷം രാഹുൽ വീണ്ടും ഇഡി ഓഫിസിലേക്കു പോയി. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ് സോണിയ.

അതിനിടെ, ഇഡി ഓഫിസിലേക്ക് രാഹുൽ ഗാന്ധിയ്‌ക്കൊപ്പം പ്രകടനവുമായെത്തിയ പ്രവർത്തകരെയും നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിൽ പങ്കെടുത്ത എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനു നേരെ പൊലീസിന്റെ ആക്രമണമുണ്ടായി. കെ.സി. വേണുഗോപാലിനെ പൊലീസ് ഉദ്യോഗസ്ഥർ പിടിച്ചുതള്ളുകയും നെഞ്ചിന് മർദിച്ചെന്നുമാണു പരാതി. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിലെ ഇഡി ഓഫിസിലേക്കു മാർച്ചു നടത്തിയ 250 ഓളം കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ 7 മണിയോടെ എഐസിസി ആസ്ഥാനത്തും ഇഡി ഓഫീസ് പരിസരത്തും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. രാവിലെ പത്തരയോടെ എഐസിസിയിലെത്തിയ രാഹുൽ ഗാന്ധി വിലക്ക് അവഗണിച്ച് പ്രവർത്തകർക്കൊപ്പം നീങ്ങി. ബാരിക്കേഡുകൾ മറികടന്ന് നീങ്ങിയ സംഘത്തെ പലയിടങ്ങളിലും പൊലീസ് തടഞ്ഞു. സാഹചര്യം സംഘർഷത്തിന്റെ വക്കോളമെത്തിയപ്പോൾ രാഹുൽ ഗാന്ധിയെ വാഹനത്തിലേക്ക് മാറ്റി ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി. പ്രകോപിതരായ നേതാക്കളും പ്രവർത്തകരും ഇഡി ഓഫീസിലേക്ക് നീങ്ങിയെങ്കിലും വഴിയിൽ തടഞ്ഞു. രാഹുൽ ഗാന്ധിയുടെ അഭിഭാഷകരേയും പോകാൻ അനുവദിച്ചിരുന്നില്ല.