തിരുവനന്തപുരം: തൊഴിൽ രഹിതരായ മുതിർന്ന പൗരന്മാരെയും ചേർത്ത് നിർത്തി സംസ്ഥാന സർക്കാർ. നേരത്തേ, തൊഴിൽ രഹിതരായ യുവാക്കൾക്കായിരുന്നു സ്വയംതൊഴിലിനായി വായ്പ നൽകിയിരുന്നതെങ്കിൽ ഇപ്പോൽ 50 വയസ് മുതൽ 65 വയസ് വരെയുള്ളവർക്ക് സ്വയം തൊഴിലിന് വായ്പ നൽകുകയാണ് സർക്കാർ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടും സ്ഥിരം തൊഴിൽ ലഭിക്കാത്ത 50 നും 65 ഇടയിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കായാണ് പദ്ധതി. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആരംഭിച്ച സ്വയംതൊഴിൽ പദ്ധതിയിലേക്ക് (നവജീവൻ) അപേക്ഷിക്കാനാകും.

ജനുവരി ഒന്നാം തീയതി അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്. വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. 50000 രൂപയാണ് വായ്പാ തുക. 25 ശതമാനം സബ്‌സിഡി ലഭിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിലവിൽ രജിസ്‌ട്രേഷൻ പുതുക്കി വരുന്ന ഉദ്യോഗാർഥികൾക്ക് മുൻഗണന. താത്പര്യമുള്ളവർ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെട്ട് അപേക്ഷ നൽകണം.

ആദ്യമായിട്ടാണ് സംസ്ഥാനത്ത് 50 മുതൽ 65 വയസ്സുവരെ പ്രായമുള്ള സർക്കാർ ജോലി കിട്ടാത്തവരും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേരുള്ളവർക്കുമായി സ്വയംതൊഴിൽ പദ്ധതിയുടെ വഴി തുറക്കുന്നത്. ഒരാൾക്ക് 50,000രൂപ വായ്പയായി ലഭിക്കും. ഇതിൽ 25ശതമാനം അതായത് 12,500 രൂപ സബ്‌സിഡി ആയിരിക്കും. മൂന്ന് വർഷമാണ് വായ്പ തിരിച്ചടവിന്റെ കാലാവധി. സ്വയംതൊഴിൽ വായ്പാ സഹായപദ്ധതിക്ക് പുറമേ മുതിർന്ന പൗരന്മാരുടെ വിജ്ഞാനവും പ്രവൃത്തിപരിചയവും ഡേറ്റാ ബാങ്കിൽ സൂക്ഷിക്കാനും ആലോചനയുണ്ട്.

വായ്പാ തുക ദേശസാത്‌കൃത, ഷെഡ്യൂൾ ബാങ്കുകൾ, സംസ്ഥാന സഹകരണ ബാങ്ക്, കെ.എസ്.എഫ്.ഇ. മറ്റ് പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങൾ വഴിയാണ് കിട്ടുന്നത്. അപേക്ഷകർ സ്വയംതൊഴിൽ കണ്ടെത്താൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദ റിപ്പോർട്ട് സമർപ്പിക്കണം. മാർച്ച് 31-നകം അർഹരായ അപേക്ഷകരെ കണ്ടെത്തി പദ്ധതിക്ക് തുടക്കമിടാനാണ് തൊഴിൽ വകുപ്പ് ഉദ്ദേശിക്കുന്നത്. നിലവിൽ 40 വയസ്സുവരെയുള്ളവർക്കായി സ്വയം തൊഴിൽ കണ്ടെത്തുന്നതിന് നിരവധി വായ്പാ പദ്ധതികളുണ്ട്.