മോസ്‌കോ: റഷ്യൻ പ്രതിപക്ഷ നേതാവും വ്ളാഡിമിർ പുടിന്റെ മുഖ്യ വിമർശനകനുമായ അലക്സി നവാൽനിയെ ചികിത്സിച്ച ഡോക്ടറെ കാണാനില്ലെന്ന് പൊലീസ്. അലക്സാണ്ടർ മുറഖോവ്സ്‌കി എന്ന സൈബീരിയൻ ഡോക്ടറെയാണ് കാണാതായത്.

വെള്ളിയാഴ്ച വാഹനത്തിൽ കാട്ടിൽ വേട്ടയാടാൻ പോയതായിരുന്നു അലക്‌സാണ്ടർ. പിന്നീട് അദ്ദേഹം തിരിച്ചുവന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു. വനത്തിനുള്ള തിരച്ചിൽ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല. സന്നദ്ധ പ്രവർത്തകർ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് പ്രദേശത്ത് നടത്തുന്ന തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. മോസ്‌കോയിൽ നിന്ന് 2,200 കിലോമീറ്റർ അകലെയുള്ള ഓംസ്‌ക് മേഖലയിലെ പൊലീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞവർഷമാണ് സൈബീരിയയിൽ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ വെച്ച് അലക്സി നവാൽനി കുഴഞ്ഞുവീണത്. ഇതോടെ വിമാനം അടിയന്തിരമായി തിരിച്ചിറക്കി അദ്ദേഹത്തെ ഓംസ്‌കിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഈ ആശുപത്രിയിൽ നവാൽനിയെ ചികിത്സിച്ച ഡോക്ടർമാരുടെ സംഘത്തിന്റെ തലവനായിരുന്നു കാണാതായ മുറഖോവ്സ്‌കി. ആദ്യം നവോൽനിയെ അലക്സാണ്ടറുടെ നേതൃത്വത്തിൽ ചികിത്സിച്ചിരുന്നുവെങ്കിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് മാറ്റുകയായിരുന്നു.

വിദഗ്ദ്ധ പരിശോധനയിൽ അലക്സിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു. ഇതോടെ അലക്സിക്കെതിരെ നടന്നതുകൊലപാതക ശ്രമമാണെന്ന് വ്യക്തമായിരുന്നു. കോമയിലായിരുന്ന നവാൽനി നീണ്ട നാളത്തെ ചികിത്സയ്ക്കൊടുവിലാണ് ആരോഗ്യം വീണ്ടെടുത്തത്. 'റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ ഏറ്റവുമധികം ഭയപ്പെടുന്ന മനുഷ്യൻ' എന്നാണ് 2012 ൽ വാൾസ്ട്രീറ്റ് ജേണൽ അലക്സി നവാൽനിയെ വിശേഷിപ്പിച്ചത്.

റഷ്യയിൽ പുടിന്റെ ഏകാധിപത്യ ഭരണമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് എതിരാളികളുടെ വിമർശനം. എതിർക്കുന്നവർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്യുകയാണ്. അലക്സി നവാൽനിയുടെ വധശ്രമത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നതും പുടിൻ തന്നെയാണ്. നവാൽനിയുടെ ഡോക്ടറെ കാണാതായതിന് പിന്നിലും ഭരണകൂടമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.