ദമ്മാം: വിവിധ പ്രശ്‌നങ്ങളിൽ പെട്ട് നാട്ടിൽ പോകാനാകാതെ, നിയമക്കുരുക്കിൽ കുടുങ്ങി കിടന്ന യുവതികൾക്ക് കൈത്താങ്ങുമായി നവയുഗം സാംസ്കാരിക വേദി. കൂട്ടായ്മയുടെ ഇടപെടലിലുടെ രണ്ടുപേരെയും സ്വദേശത്തേക്ക് തിരികെയെത്തിച്ചു.ആന്ധ്രാപ്രദേശ് സ്വദേശിനി ലക്ഷ്മി, തമിഴ്‌നാട് സ്വദേശിനി പുഷ്പ എന്നിവരാണ് നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ ഏറെ കടമ്പകൾ താണ്ടി നാട്ടിൽ എത്തിയത്.

ആസ്ത്മയുടെ അസുഖം കാരണം ജോലി ചെയ്യാനാകാത്തതിനാൽ സ്‌പോൺസർ ഉപേക്ഷിച്ച തമിഴ്‌നാട് സ്വാദേശിനി പുഷ്പ, 6 മാസം മുൻപാണ് ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തുന്നത്. 3 മാസം കഴിഞ്ഞപ്പോൾ, നവയുഗം ആക്റ്റിങ് പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടന്റെ ഇടപെടലിൽ പുഷ്പയ്ക്ക് എക്സിറ്റ് അടിച്ചു കിട്ടി. നാട്ടിലേയ്ക്ക് മടങ്ങാനായി ദമ്മാം വിമാനത്താവളത്തിൽ എത്തിയ പുഷ്പയ്ക്ക് പെട്ടെന്ന് അസുഖം കൂടിയതിനാൽ വിമാനയാത്ര മുടങ്ങി. തുടർന്ന് നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ ഇവരെ സഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അസുഖം ഗുരുതരമായതിനെത്തുടർന്ന് സെൻട്രൽ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. ഒരു മാസത്തോളം അവിടെ ചികിത്സ തുടർന്നു.

അസുഖം കുറഞ്ഞു പുഷ്പയെ ഡിസ്ചാർജ്ജ് ചെയ്തപ്പോൾ മഞ്ജു അവരെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി ശുശ്രൂഷിച്ചു. സാമൂഹ്യപ്രവർത്തകനായ വെങ്കിഡേഷ് പുഷ്പയുടെ വീട്ടുകാരെ കണ്ടെത്താൻ സഹായിച്ചു. ഇതിനിടെ കാലാവധി തീർന്നു പോയ പുഷ്പയുടെ ഫൈനൽ എക്‌സിറ്റും മഞ്ജു പുതുക്കി നൽകി.എന്നാൽ വിമാനത്തിൽ കൂട്ടിന് ആരെങ്കിലും പോയാൽ മാത്രമേ, പുഷ്പയെ നാട്ടിലേയ്ക്ക് അയയ്ക്കാൻ പറ്റൂ എന്ന സ്ഥിതി സംജാതമായി.

ജോലിസ്ഥലത്തെ ദുരിതങ്ങളിൽ നിന്നും രക്ഷപ്പെട്ടാൻ, റിയാദിലെ ഇന്ത്യൻ എംബസ്സിയിൽ അഭയം തേടിയ ആന്ധ്രാപ്രദേശ് സ്വദേശിനി ലക്ഷ്മിയുടെ കേസ്, എംബസ്സി മഞ്ജു മണിക്കുട്ടനെ ഏൽപ്പിച്ചത് ഈ സമയത്താണ്. ദമ്മാമിൽ എത്തിയ ലക്ഷ്മിയെ മഞ്ജു കൂട്ടികൊണ്ടു പോയി തന്റെ വീട്ടിൽ താമസിപ്പിച്ചു. ഏറെ പരിശ്രമങ്ങൾക്കൊടുവിൽ ലക്ഷ്മിക്ക് ഫൈനൽ എക്‌സിറ്റ് അടിച്ചു വാങ്ങാൻ മഞ്ജുവിന് കഴിഞ്ഞു. ലക്ഷ്മിക്കും, പുഷ്പയ്ക്കും ഇന്ത്യൻ എംബസ്സി വഴി ഔട്ട്പാസ്സും മഞ്ജു വാങ്ങി നൽകി. പിന്നെ ലക്ഷ്മിയുടെ കൂടെ പുഷ്പയെ നാട്ടിൽ വിടാനുള്ള സജീകരണങ്ങൾ നവയുഗം ജീവകാരുണ്യവിഭാഗം നടത്തി.

രണ്ടുപേർക്കും നാട്ടിൽ പോകാനുള്ള കൊറോണ പി സി ആർ ടെസ്റ്റ് സഫ ഹോസ്പിറ്റൽ സൗജന്യമായി നടത്തി നൽകി. നിർധനയായ പുഷ്പയ്ക്ക്, സാമൂഹ്യപ്രവർത്തകരായ ഹമീദ് കാണിച്ചാട്ടിൽ, ഷാജഹാൻ എന്നിവർ എന്നിവർ വസ്ത്രങ്ങളും, ബാഗും, മറ്റു അത്യാവശ്യ സാധനങ്ങളും വാങ്ങി കൊടുത്തു. എംബസ്സി വോളന്റീർമാരായ മിർസ ബൈഗ്, ഇബ്രാഹിം എന്നിവരും ഈ കേസിന്റെ പല ഘട്ടങ്ങളിലും മഞ്ജുവിനെ സഹായിക്കാൻ ഉണ്ടായിരുന്നു.നിയമനടപടികൾ പൂർത്തിയായി ലക്ഷ്മിയും, പുഷ്പയും എല്ലാവര്ക്കും നന്ദി പറഞ്ഞു നാട്ടിലേയ്ക്ക് മടങ്ങി.