മൊഹാലി: പഞ്ചാബിലെ സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രി അമരീന്ദറും പാർട്ടി സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള ഭിന്നത രൂക്ഷം. അമരീന്ദർ സിങ് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി സിദ്ദു രംഗത്തെത്തി. മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ സംസ്ഥാന സർക്കാർ തീർത്തും നിഷ്‌ക്രിയമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് സിദ്ദു സർക്കാരിനെതിരെ ഉന്നയിച്ചത്.

മയക്കുമരുന്ന് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും സിദ്ദു അഭിപ്രായപ്പെട്ടു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇതുവരെ കേസിൽ പ്രതികളായവരെ വിദേശത്തു നിന്നും ഇന്ത്യയിലെത്തിക്കാൻ സംസ്ഥാന സർക്കർ നടപടി സ്വീകരിച്ചിട്ടില്ലെന്നും സിദ്ദു ചൂണ്ടിക്കാണിച്ചു.

മയക്കുമരുന്നിന് ഇരകളാക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾ കടുത്ത നടപടികൾ സർക്കാർ പ്രതികൾക്കെതിരെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിദ്ദു സൂചിപ്പിച്ചു. പഞ്ചാബിലെ കോൺഗ്രസിൽ നടക്കുന്ന അധികാര വടംവലി പാർട്ടി ദേശീയ നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടാക്കുന്നുണ്ട്. അമരീന്ദർ- സിദ്ദു വാക്ക്പോര് പലപ്പോഴും പാർട്ടിയുടെ അടുത്ത തെരഞ്ഞെടുപ്പിലെ പ്രതീക്ഷകൾക്ക് തന്നെ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്.