ന്യൂഡൽഹി: പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദുവിനെ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.

നാലുപേരെ വർക്കിങ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. സംഗത് സിങ് ഗിൽസിയാൻ, സുഖ്വിന്ദർ സിങ് ഡാനി, പവൻ ഗോയൽ, കുൽജിത് സിങ് നഗ്ര എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ. സിദ്ദുവിനെ പിസിസി പ്രസിഡന്റാക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിനു മുഖ്യമന്ത്രി അമരീന്ദർ സിങ് ഒടുവിൽ വഴങ്ങി.

എറെ നാൾ നീണ്ട ആഭ്യന്തര കലാപത്തിനൊടുവിലാണ് പഞ്ചാബിൽ കോൺഗ്രസിനെ നയിക്കാൻ പുതിയ നേതാവെത്തുന്നത്. പാർട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹം അടക്കം ഉയരുന്നതിനിടെ വിമതസ്വരമുയർത്തിയ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ സിദ്ദുവിനെ പിസിസി അധ്യക്ഷനായി നിയമിക്കുകയായിരുന്നു.

പഞ്ചാബിൽ ഏറെ നാളായി തുടരുന്ന അമരീന്ദർ- സിദ്ദു പോരിന് ഒത്തുതീർപ്പ് ഫോർമുല രൂപപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സിദ്ദുവിനെ പാർട്ടി അധ്യക്ഷനാക്കിയത്.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി സിദ്ദുവിനെ നിയോഗിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രി അമരീന്ദർ സിങ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. സിദ്ദുവിനെ പാർട്ടി അധ്യക്ഷനാക്കിയാൽ സംസ്ഥാനത്ത് പാർട്ടിയെ അത് ഏത് രീതിയിൽ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അമരീന്ദർ കത്തയച്ചത്.

'സിദ്ധുവിന്റെ പ്രവർത്തന ശൈലി കോൺഗ്രസിന് ഉപദ്രവമാകും. പഴയ പാർട്ടി അംഗങ്ങളെ ഇത് പ്രകോപിപ്പിക്കും, കോൺഗ്രസ് പിളരും' - അമരീന്ദർ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ, സിദ്ദു വെള്ളിയാഴ്ച സോണിയ ഗാന്ധിയെ സന്ദർശിച്ചിരുന്നു. രാഹുൽ ഗാന്ധിയേയും സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ഹരീഷ് റാവത്തിനേയും അദ്ദേഹം കഴിഞ്ഞ ദിവസം കാണുകയുണ്ടായി. ഹരീഷ് റാവത്ത് പിന്നീട് അമരീന്ദർ സിങിനെയും കണ്ടിരുന്നു.

പിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്ന് അമരീന്ദർ അറിയിച്ചതായി അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞിരുന്നു. സിദ്ദുവിനെ പ്രസിഡന്റാക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തിൽ പ്രതിഷേധിച്ചു സോണിയയ്ക്കു കഴിഞ്ഞ ദിവസം അമരീന്ദർ കത്തയച്ചത് വലിയ ചർച്ചയായി.

ഹൈക്കമാൻഡ് നടപടി സംസ്ഥാനത്ത് കോൺഗ്രസിനെ പിളർത്തുമെന്നായിരുന്നു കത്തിലെ മുന്നറിയിപ്പ്. ഇതിനു പിന്നാലെയാണ് അമരീന്ദറുമായി കൂടിക്കാഴ്ച നടത്താൻ റാവത്തിനെ സോണിയ പഞ്ചാബിലേക്ക് അയച്ചത്. അടുത്ത വർഷം പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുവരും തമ്മിലുള്ള പോര് കേന്ദ്ര നേതൃത്വത്തിനു തലവേദനയായിരുന്നു. ഇതു പരിഹരിക്കാനാണു സിദ്ദുവിനെ അധ്യക്ഷനാക്കിയത്. വൈകാതെ സംസ്ഥാന മന്ത്രിസഭയിലും അഴിച്ചുപണിയുണ്ടാകുമെന്നു സൂചനയുണ്ട്.

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിദ്ദുവിനെ പഞ്ചാബ് പി.സി.സി അധ്യക്ഷനായും അമരീന്ദർ സിങ് മുഖ്യമന്ത്രിയായി നിലനിർത്തുമെന്ന് നേരത്തെ സൂചന പുറത്തുവന്നിരുന്നു.

അമരീന്ദർ സിങ് മുഖ്യമന്ത്രിയായി തിരഞ്ഞെടുപ്പിനെ നേരിടമെന്നാണ് പഞ്ചാബ് കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന ഹരീഷ് റാവത്ത് നേരത്തെ വ്യക്തമാക്കിയത്. സിദ്ധു സംസ്ഥാനത്തിന്റെ ഭാവിയാണെന്നും എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നതിന് മുൻപ് അദ്ദേഹമത് മനസ്സിൽ വയ്ക്കണമെന്നും ഹരീഷ് നേരത്തെ പ്രതികരിച്ചിരുന്നു.

സിദ്ദുവിനെ പ്രസിഡന്റാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ യോഗം ചേർന്നിരുന്നു. ഭൂരിപക്ഷം അംഗങ്ങളും എതിർപ്പ് അറിയിച്ചിരുന്നെങ്കിലും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും എടുക്കുന്ന തീരുമാനത്തിനൊപ്പമായിരിക്കുമെന്ന് അവർ അറിയിച്ചിരുന്നു.