മുംബൈ: കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് അടുത്ത ബന്ധമുണ്ടെന്ന് മന്ത്രി നവാബ് മാലിക്ക്. ദാവൂദിന്റെ അടുത്ത അനുയായി റിയാസ് ഭാട്ടിയുമായിട്ടാണ് ഫഡ്‌നാവിസിന് അടുത്ത ബന്ധം.

ആരാണ് റിയാസ് ഭാട്ടി . വ്യാജ പാസ്‌പോർട്ടുമായി പിടിയിലായ ആളാണ് ഭാട്ടി. അയാൾക്ക് ദാവുദുമായി ബന്ധമുണ്ട്. പാസ്‌പോർട്ട് കേസിൽ ഇയാൾ രണ്ട് ദിവസത്തിന് ശേഷം പുറത്തിറങ്ങി. ഫഡ്‌നാവിസ് പങ്കെടുന്ന പരിപാടികളിലും ബിജെപിയുടെ പരിപാടികളിലും ഇയാൾ എങ്ങനെ എത്തി. ഇയാളേയും മോദിയേയും ബന്ധിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, പ്രധാനമന്ത്രിയുടെ ചടങ്ങുകളിലും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് മാലിക് ആരോപിച്ചു.

നിരപരാധികളെ കള്ളക്കേസിൽ കുടുക്കുകയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ചെയ്യുന്നത്. ഇതിനെതിരെയാണ് തന്റെ പോരാട്ടം. ക്രിമിനലുകളെ പരിചയായി ഉപയോഗിക്കുകയാണ് ഫഡ്‌നാവിസ്. നാഗ്പൂരിലെ കുറ്റവാളിയായ മുന്ന യാദവ് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ബോർഡ് ചെയർമാനായത് ഫഡ്‌നാവിസിന്റെ ഭരണകാലത്താണ്. ബംഗ്ലാദേശിൽ നിന്നും അനധികൃതമായി ആളുകളെ കൊണ്ടുവന്ന ഹൈദർ അസം മൗലാന ആസാദ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാനായതും അദ്ദേഹത്തിന്റെ ഭരണകാലത്താണെന്നും മാലിക് ആരോപിച്ചു.