തിരുവനന്തപുരം: എലത്തൂർ സീറ്റിൽ എൻ സി കെ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പൻ. യു ഡി എഫ് നൽകിയ സീറ്റാണ് അത്. അവിടെ തന്നെ മത്സരിക്കും. സ്ഥാനാർത്ഥിയായ സുൽഫികർ മയൂരിയെ എം കെ രാഘവൻ അംഗീകരിക്കേണ്ടതില്ലെന്നും മാണി സി കാപ്പൻ പ്രതികരിച്ചു.

എലത്തൂർ സീറ്റിൽ നിന്നും പിന്മാറില്ല. പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി യു.ഡി.എഫ് നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എലത്തൂരിൽ യു ഡി എഫിൽ നിന്ന് രണ്ട് സ്ഥാനാർത്ഥികൾ ഉണ്ടാവില്ല. മറ്റു ഘടകകക്ഷികൾ പത്രിക നൽകിയിട്ടുണ്ടെങ്കിൽ പിൻവലിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.

എലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത് വേണ്ടത്ര കൂടിയാലോചനയില്ലാതെയാണെന്ന് എം കെ രാഘവൻ ആരോപിച്ചിരുന്നു. എലത്തൂരിലെ പ്രശ്‌നത്തിൽ കോൺഗ്രസ് ഇടപെടാൻ വൈകിയെന്നും എം കെ രാഘവൻ പറഞ്ഞു.

എലത്തൂരിലെ കോൺഗ്രസ് നേതൃത്വവും അണികളും ഒരുപോലെ അവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള സ്ഥാനാർത്ഥി വേണമെന്ന് നിലപാട് സ്വീകരിച്ചിരിക്കുകയാണ്. അവിടെ ആളും അർത്ഥവുമില്ലാത്ത ഒരു പാർട്ടിയുടെ സ്ഥാനാർത്ഥി വന്നു കഴിഞ്ഞാലുണ്ടാകുന്ന കാര്യം കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയതാണ്. സ്വാഭാവികമായും എലത്തൂരിന്റെ ഇന്നത്തെ അവസ്ഥയിൽ യുഡിഎഫിന്റെ നല്ലൊരു സ്ഥാനാർത്ഥി വന്നാൽ ജയസാധ്യത ഉണ്ടെന്നാണ് അവിടുത്തെ പ്രാദേശികമായുള്ള വികാരമെന്നും എം കെ രാഘവൻ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം കോഴിക്കോട്ട് മത്സരിക്കാൻ ഇറങ്ങിയ എം.കെ രാഘവന് നേരെ പ്രതിഷേധമുണ്ടായെന്ന യു.ഡി.എഫ് കൺവീനർ എം.എം ഹസ്സന്റെ പ്രസ്താവനക്ക് മറുപടിയുമായി എം.കെ രാഘവൻ രംഗത്തെത്തി. കോഴിക്കോട് താൻ മത്സരിക്കാൻ വരുമ്പോൾ ഒരു പ്രതിഷേധവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വട്ടമല്ല മൂന്നുവട്ടം ഒരേ മണ്ഡലത്തിൽ ജയിച്ചയാളാണ് താൻ . ജന പിന്തുണ ലഭിച്ചതുകൊണ്ടാണ് തുടർച്ചയായി വിജയിച്ചത്.

രാഘവന് എന്തിനാണ് വൈരാഗ്യം എന്നറിയില്ലെന്ന് സുൽഫിക്കർ മയൂരി പറഞ്ഞിരുന്നു . എല്ലാ സീറ്റുകളിലും കോൺഗ്രസിന് മത്സരിക്കാനാകില്ല. മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ മുന്നണി മര്യാദ പാലിക്കണം. എം.കെ.രാഘവനും കോഴികോടെത്തി മത്സരിച്ച ആളാണ്. അദ്ദേഹവും വരത്തനാണ്. മണ്ഡലത്തിലെ 80 ശതമാനം കോൺഗ്രസ് പ്രവർത്തകരും തനിക്കൊപ്പമുണ്ട് എന്നും സുൽഫിക്കർ മയൂരി പറഞ്ഞിരുന്നു.