പാലാ: റവന്യൂ ഡിവിഷനൽ ഓഫീസ് കോംപ്ലക്‌സ് നിർമ്മിക്കാനും ളാലം വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസാക്കാനും സർക്കാർ തുക അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഇതോടൊപ്പം തലപ്പലം വില്ലേജ് ഓഫീസ് നിർമ്മാണത്തിനും പണം അനുവദിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ടു റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനുമായി മാണി സി കാപ്പൻ ചർച്ചകൾ നടത്തിയിരുന്നു.

ആർ ഡി ഒ കോംപ്ലക്‌സ് നിർമ്മാണത്തിന് 3.70 കോടി രൂപയാണ് അനുവദിച്ചത്. സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ആണ് കോംപ്ലെക്‌സ് നിർമ്മിക്കുന്നത്. നിലവിൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചു വരുന്ന ആർ ഡി ഒ ഓഫീസ്, ആർ ഡി ഒ കോടതി, ചേംബർ തുടങ്ങി അനുബന്ധമായ ഓഫീസുകളും പുതിയ കോംപ്ലെക്‌സിലേയ്ക്കു മാറ്റം. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫീസ് പരിമിതികളിൽ നട്ടം തിരിയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. റവന്യൂ വകുപ്പിന്റെ തനതു ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.

ളാലം വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കാൻ 44 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതോടെ ളാലം വില്ലേജ് ഓഫീസ് പൂർണ്ണമായും കംപ്യൂട്ടർവൽക്കരിച്ചു ഡിജിറ്റലൈസ് ആയി മാറും. തലപ്പലം വില്ലേജ് ഓഫീസിനു പുതിയ കെട്ടിടം നിർമ്മിക്കാനാണ് തുക അനുവദിച്ചത്.

വികസന പ്രവർത്തനങ്ങൾക്കു തുക അനുവദിച്ച സർക്കാർ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, മുൻ കൈയെടുത്ത മാണി സി കാപ്പൻ എന്നിവരെ എൻ സി പി മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.