മെറോൺ: വടക്കൻ ഇസ്രയേലിലെ പ്രധാന യഹൂദ തീർത്ഥാടന കേന്ദ്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 40ൽപ്പരം ആളുകൾ മരിച്ചതായും നൂറ് കണക്കിന് പേർക്ക് പരിക്കു പറ്റിയതായും റിപ്പോർട്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യഹൂദ മതാചാര്യനായിരുന്ന റബ്ബി ഷിമൺ ബാർ യോച്ചായിയുടെ ശവകുടീരം നിലക്കൊള്ളുന്ന നഗരത്തിലാണ് അപകടം ഉണ്ടായത്. വർഷംതോറും നടക്കുന്ന മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്കാണ് തിക്കിലും തിരക്കിലും പെട്ട് ജീവഹാനി സംഭവിച്ചത്. ആയിരക്കണക്കിന് ഓർത്തഡോക്‌സ് യഹൂദന്മാരാണ് പ്രാർത്ഥനക്കെത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ ഹെലികോപ്ടറുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം ആരാധനാലയം അടച്ചിട്ടിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെയാണ് വീണ്ടും തുറന്നത്. പടിക്കെട്ടിൽ ചിലർ തെന്നി വീണതാണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ. മെറോൺ മലനിരയുടെ താഴ്‌വരയിലാണ് ലാഗ് ബി ഒമർ എന്ന പേരിലുള്ള ഉത്സവം വർഷംതോറും ആഘോഷിക്കുന്നത്. സംഭവത്തിന് പിന്നാലെ പൊലീസ് ഗതാഗതം തടഞ്ഞു. സന്ദർശകരെ പ്രദേശത്ത് നിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇസ്രയേൽ പൊലീസ് നടപടി സ്വീകരിച്ചത്.