തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ പ്രതികളായ 9 പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. അഡീ.ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവിറക്കി. സിബിഐയുടെയും ക്രൈംബ്രാഞ്ചിന്റെയും ആവശ്യം അനുസരിച്ചാണ് നടപടി. കഴിഞ്ഞ ദിവസം കുറ്റക്കാരായ 6 പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു. രാജ്കുമാറിന്റെ കുടുംബാംഗങ്ങൾക്ക് 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

2019 ജൂണ് 12നാണ് ഹരിതാ ഫിനാൻസ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമൺ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. എന്നാൽ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരിൽ നാല് ദിവസം ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ ജീവച്ഛവമായപ്പോൾ മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലിൽ റിമാന്റ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ ജൂണ് 21ന് ജയിലിൽ വെച്ച് മരിച്ചു.

ആദ്യഘട്ടത്തിൽ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീർക്കാനായിരുന്നു പൊലീസ് ശ്രമം. എന്നാൽ ബന്ധുക്കൾ പൊലീസിനെതിരെ രംഗത്തെത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടത്തു. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്‌ഐ സാബു അടക്കമുള്ള ഏഴ് പൊലീസുകാരെ അറസ്റ്റ് ചെയ്തു.