തിരുവനന്തപുരം: നായകന്മാരുടെയോ പ്രതിനായകന്മാരുടെയോ ഒക്കെ മാസ് ഡയലോഗുകൾ പ്രേക്ഷകർ ഓർത്തുവെക്കുന്നത് സ്വാഭാവികമാണ്.ഏത് ഭാഷയായാലും അതിന് മാറ്റമൊന്നും ഇല്ല.എന്നാൽ ഇന്ത്യൻ സിനിമയിൽ തന്നെ ഒരു സഹനടന്റെ സംഭാഷണങ്ങൾ പ്രക്ഷേകർ ഓർത്തുവച്ചിട്ടുണ്ടെങ്കിൽ അതിന് ഒറ്റ ഉത്തരമേ ഉള്ളു.. നെടുമുടി വേണുവിന്റെത് എന്ന്.തമാശയായും സീരിയസായും ഒക്കെ പല അവസരങ്ങളിലും മലയാളി എടുത്തു പ്രയോഗിക്കാറുണ്ട് നെടുമുടി കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ.അത്രയെറെ ആഴത്തിലേക്ക് മനുഷ്യമനസ്സിൽ തന്റെ കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും പ്രതിഷ്ഠിക്കാൻ നെടുമുടി വേണുവിന് സാധിച്ചിട്ടുണ്ട്.

സർവ്വകലാശാലയിലെ സിദ്ധൻ പാടിയ അതിരുകാക്കും മലയൊന്നു തുടുത്തെ ഏറ്റുപാടാത്തവർ ചുരുക്കുമായിരിക്കും.അതേ ചിത്രത്തിലെത്തന്നെ എടോ ലാലേ എനിക്കു വിശക്കുന്നു.. ഒരു മനുഷ്യനെപ്പോലെ വിശക്കുന്നു എന്ന ഡയലോഗും പതിച്ചത് പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് തന്നെ. കാവാലം നാരായണപ്പണിക്കർക്കൊപ്പം ചൊൽ നാടകളങ്ങളിൽ അഭിനയിച്ചുള്ള പരിചയമവാം ഒരോ സംഭാഷണത്തെയും അതിന്റെ പൂർണ്ണതയോടെ അവതരിപ്പിക്കാൻ നെടുമുടിയെ പ്രാപ്തനാക്കിയത്.

ഒന്നിൽ ഒതുങ്ങുന്നതല്ല നെടുമുടിയുടെ സംഭാഷണങ്ങൾ.. സർഗ്ഗത്തിൽ തന്റെ സംഗീത സിദ്ധി മകനും ലഭിച്ചുവെന്ന് അച്ഛൻ തിരിച്ചറിയുമ്പോൾ പറയുന്ന 'അറിഞ്ഞില്ല ഇത് ഞാനറിഞ്ഞില്ല' എന്ന സംഭാഷണം, കൂടെ കൂട്ടിയ സുഹൃത്തുകൊല്ലാൻ കരാറേറ്റെടുത്ത ആളാണെന്ന് തിരിച്ചറിഞ്ഞപ്പോൾ നിസഹായതയോടെ ' ഇതിലും ഭേദം കൊല്ലായിരുന്നില്ലെ' എന്ന ചോദ്യവും തെക്കിനിയിലെ യക്ഷിയെ മന്ത്രച്ചരടിൽ ബന്ധിക്കാതെ സ്വസ്ഥതയില്ലെന്ന കാരണവരുടെ ആശങ്കയും എല്ലാം പ്രേക്ഷകരും അതേ അളവിൽ അനുഭവിച്ചവയാണ്.

തേന്മാവിൻ കൊമ്പത്തിലെ കാർത്തുമ്പിയോട് പ്രണയം പറയുന്നു ശ്രീകൃഷ്ണനും, കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയുണ്ടായിക്കയ പാലത്തെ നാട്ടുകാർക്ക് പരിചയപ്പെടുത്തിയ പഞ്ചവടിപ്പാലത്തിലെ കഥാപാത്രവുമൊക്കെ സംഭാഷണത്തിലെ നെടുമുടി ടച്ചിന്റെ ഉദാഹരണങ്ങളാണ്. എന്താ തനിക്ക് മാത്രമെ വാശി പാടുള്ളു... ഈ മുഖത്ത് നോക്കി എനിക്ക് ദേഷ്യമാണെന്ന് പറയാൻ കൂടി പറ്റുന്നില്ലലോ ഈശ്വര എന്ന് നീലകണ്ഠനോട് സ്‌നേഹത്തിന്റെ മറ്റൊരു തലം കാണിച്ച മാമ്പെറ്റ അപ്പുമാഷും മറ്റൊരു ഉദാഹരണം.

മിഥുനത്തിലെ തേങ്ങപൊട്ടിക്കാനെത്തിയ സ്വാമിയുടെ സംഭാഷണങ്ങൾ ഇന്നും മലയാളിക്ക് ചിരിയോർമയാണ്. ഇപ്പൊ പൊട്ടിക്കും.. ഞാനിപ്പൊ പൊട്ടിക്കും എന്ന പറഞ്ഞ് തുടങ്ങുന്ന സംഭാഷണത്തിൽ തനിക്ക് പൊട്ടിക്കാനാണെങ്കിൽ എന്നെ എന്തിനാടോ വിളിച്ചെ ബ്ലഡി ഫുൾ എന്ന് പറയുന്ന സ്വാമി പടർത്തിയത് കൂട്ടച്ചിരി തന്നെ. സമീപകാലത്ത് ചാർലിക്കൊപ്പം കുഞ്ഞപ്പനായി എത്തിയപ്പോൾ മലയാളികൾ അനുഭവിച്ചറിഞ്ഞത് കാത്തിരിപ്പിന്റെ പെയ്‌നുമായിരുന്നു.

ബാലേട്ടനിൽ എനിക്കൊരു കുടുംബം കൂടിയുണ്ട് എന്ന മകന്റെ മുഖത്ത് നോക്കി പറഞ്ഞ നിസ്സഹായനായ അച്ഛനിൽ നിന്ന് തനിക്ക് ഒരു മകൻ കൂടി ഉണ്ട് എന്ന് വില്ലന്റെ മുഖത്ത് നോക്കി പറയുന്നു പോക്കിരി രാജയിലെ അച്ഛന്റെ മാസ് ഡയലോഗിലുടെ കൈയടിയും നെടുമുടിവേണു നേടി.

ഇങ്ങനെ കാലം അടയാളപ്പെടുത്തിയ നിരവധി സംഭഷണങ്ങളെ പ്രേക്ഷകരുടെ മനസിലേക്കും നാവിൻ തുമ്പിലേക്കും പകർന്നാണ് നെടുമുടിവേണു അരങ്ങൊഴിയുന്നത്.