ന്യൂഡൽഹി: ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ അത്‌ലറ്റിക്‌സ് സ്വർണം നേടിയതിന് മാസങ്ങൾക്കിപ്പുറം നേട്ടത്തിന് പിന്നിലെ കരുത്തിനെ തള്ളി എ എഫ് എ. നീരജ് ചോപ്രയുടെ കോച്ചും ജാവലിൻ ഇതിഹാസവുമായ ഉവെ ഹോണിനെ ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കി എഎഫ്എ ഉത്തരവിറക്കി.രണ്ട് ദിവസത്തെ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ കായികതാരങ്ങളുടെയും പരിശീലകരുടെയും പ്രകടനങ്ങളുടെ അവലോകനത്തിന് ശേഷമാണ് നടപടി.

പരിശീലകരുടെ പ്രകടനം വിലയിരുത്തിയശേഷം ഹോണിനെ മടക്കിയയ്ക്കാനാണു തീരുമാനിച്ചതെന്നും നീരജിന്റെ ബയോകെമിക്കൽ എക്സ്പേർട്ട് ക്ലൗസ് ബാർട്ടോണിറ്റ്സിന്റെ സേവനം തുടരുമെന്നുമായിരുന്നു എ.എഫ്.ഐ. പ്രസിഡന്റ് അദിൽ സുമരിവാല അറിയിച്ചത്.ഹോണിന്റെ പ്രകടനം മികവുറ്റതായിരുന്നില്ലെന്നും പകരം പുതിയ രണ്ടു പരിശീലകരെ എത്തിക്കുമെന്നും സുമരിവാല വ്യക്തമാക്കുകയായിരുന്നു.

ചരിത്രപരമായ നേട്ടത്തിനിപ്പുറം പരിശീലനകനെ പുറത്താക്കുന്ന നടപടിയിൽ വിവിധാഭിപ്രായങ്ങൾ ഇതിനോടകം ഉയർന്നുകഴിഞ്ഞു.ഹോണിനെതിരേ വ്യക്തിപരമായ വിരോധം തീർക്കുകയാണ് എ.എഫ്.ഐയെന്ന ആരോപണം ശക്തമാണ്. ഒളിമ്പിക്സിനു തൊട്ടുമുമ്പ് ഇന്ത്യൻ താരങ്ങൾക്ക് എ.എഫ്.ഐ. നൽകുന്ന പരിശീലന സൗകര്യങ്ങളിൽ ഹോൺ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതാണ് ഹോണിനെ തങ്ങളുടെ കണ്ണിലെ കരടായിക്കാണാൻ എ.എഫ്.ഐ. തലപ്പത്തുള്ളവരെ പ്രേരിപ്പിച്ചത്.

2017-ലാണ് ഹോൺ ഇന്ത്യയുടെ ദേശീയ ജാവലിൻ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. നീരജിനു പുറമേ അന്നു റാണി, ശിവ്പാൽ സിങ്, എന്നിവരും ഹോണിന്റെ കീഴിലാണ് പരിശീലനം നടത്തിവന്നിരുന്നത്. എന്നാൽ ടീമിന് നൽകുന്ന അടിസ്ഥാന പരിശീലന സൗകര്യങ്ങളിലെ പിഴവുകൾ പലപ്പോഴും ഹോൺ ചൂണ്ടിക്കാണിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോഴത്തെ നടപടിയിലേക്ക് എ.എഫ്.ഐ. എത്തിച്ചേരാൻ കാരണം.

2018 ലെ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലും നീരജ് സ്വർണം നേടിയത് ഹോണിന്റെ പരിശീലനത്തിലായിരുന്നു.ഈ നേട്ടമാണ് ടോക്കിയോ ഒളിമ്പിക്സിന്റെ ദേശീയ ജാവലിൻ പരിശീലകനായി അദ്ദേഹം തുടരാൻ കാരണം. തങ്ങളുടെ തെറ്റ് ചൂണ്ടിക്കാട്ടിയതോടെ ഇ നേടങ്ങൾക്കൊന്നും അസോസിയേഷൻ ഭാരവാഹികളുടെ കണ്ണിൽ പ്രസക്തിയില്ലാതായി.

ഇതിനുപുറമെ ഒളിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവ് ചോപ്ര, ശിവ്പാൽ സിങ്, അന്നു റാണി എന്നിവരുൾപ്പെടെ ജാവലിൻ ത്രോവർമാർക്ക് ഹോണിനൊപ്പം പരിശീലനം നടത്താൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതായും റിപ്പോർട്ടുണ്ട്. ഇവിടെയും വ്യക്തമായ കാരണങ്ങൾ താരങ്ങൾ പറയുന്നില്ലെന്നതാണ് വസ്തുത.ടോക്കിയോ ഗെയിമുകൾക്ക് മുമ്പ് ചോപ്ര ബാർട്ടോണിയറ്റ്‌സുമായി പരിശീലനം നേടിയിരുന്നു. എങ്കിലും തന്റെ സുപ്രധാന നേട്ടങ്ങളിൽ പിൻബലമായത് ഹോണായിരുന്നു. പക്ഷെ ഹോണിന്റെ പരിശീലന രീതിയും സാങ്കേതികതയും ഇത്തിരി വ്യത്യസ്തമാണ്്. എന്നാൽ ക്ലോസിനൊപ്പം ചെയ്തപ്പോൾ ഞാൻ കൂടുതൽ കംഫേർട്ടായിരുന്നു.എനിക്ക് കുറച്ചുകൂടി ഇണങ്ങുന്നത് ക്ലോസിന്റെ പരിശീലന രീതിയാണെന്ന് നീരജും പ്രതികരിച്ചു.

എഎഫ്എയുടെ നടപടിക്ക് പിന്നാലെ പ്രതികരണവുമായി ഹോണും രംഗത്തെത്തി. ഇന്ത്യൻ താരങ്ങളെ പരിശീലിപ്പിക്കാനെത്തുമ്പോൾ ഒത്തിരി മാറ്റങ്ങൾ വരുത്താമെന്നായിരുന്നു എന്റെ ചിന്ത. എന്നാൽ അസോസിയേഷന്റെ പ്രവർത്തനങ്ങൾ തീർത്തും നിരാശപ്പെടുത്തുന്നതാണ്. ഇത് ഭാരവാഹികളുടെ അറിവില്ലായ്മയാണോ അതോ മനഃപൂർവ്വമുള്ള നടപടിയാണോ എന്നെനിക്കറിയില്ല. പക്ഷെ കായികതാരങ്ങൾക്കോ പരിശീലകർക്കൊ ആവശ്യമായതൊന്നും ഇവിടെ ലഭ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്റെ കരാർ ഏപ്രിലിൽ പുതുക്കിയപ്പോഴും എനിക്ക് തിരെ തൃപ്തിയില്ലായിരുന്നു.തന്റെ ശമ്പളം പോലും തനിക്ക് തരില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ തന്നെക്കൊണ്ട് കരാർ ഒപ്പിടുവിച്ചത്.ശമ്പള വർധനവ് ഉൾപ്പടെ കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിലും ഒന്നും കാര്യമായി നടന്നില്ല. ഇവിടെ ടാർഗറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയിൽ അസോസിയേഷനാണ് താരങ്ങളെ തെരഞ്ഞെടുത്ത് ഞങ്ങൾക്ക് നൽകുന്നത്. അല്ലാതെ പരിശീലകർക്ക് കായികതാരങ്ങളെ തെരഞ്ഞെടുക്കാനുള്ള അവസരമില്ല. അസോസിയേഷൻ തെരഞ്ഞെടുക്കുന്ന താരങ്ങളെക്കൊണ്ട് മെഡൽ വാങ്ങിപ്പിക്കുകയാണ് തങ്ങളുടെ ചുമതലയെന്നും ഹോൺ തുറന്നടിച്ചു.

59-കാരനായ ജർമൻ പരിശീലകൻ ഹോൺ ജാവലിൻ ത്രോയിൽ 100 മീറ്റർ കണ്ടെത്തിയ ലോകത്തിലെ ഏക താരമാണ്. ഹോണിന്റെ കീഴിലുള്ള പരിശീലനമാണ് നീരജിനെ സുവർണനേട്ടത്തിലേക്കു നയിച്ചത്. അദ്ദേഹത്തിന്റെ പരിശീലന മികവിനെ നീരജ് പലതവണ പ്രകീർത്തിച്ചിട്ടുണ്ട്.