ന്യൂഡൽഹി: ഒളിംപിക്സ് ഫൈനൽ മത്സരത്തിനിടെ പാക്കിസ്ഥാൻ താരം തന്റെ ജാവ്‌ലിനെ കൈക്കലാക്കിയെന്ന വെളിപ്പെടുത്തലുമായി സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഒളിമ്പിക് ഹീറോയുടെ വെളിപ്പെടുത്തൽ. പാക്കിസ്ഥാന് വേണ്ടി മത്സരിച്ച അർഷാദ് നദീം ആണ് നീരജിന്റെ ജാവലിൻ കൈക്കലാക്കിയത് നിരജ് ചോപ്ര പറഞ്ഞു.

ഫൈനൽസ് ആരംഭിക്കുന്നതിന് മുൻപ് തന്റെ ജാവ്‌ലിൻ കാണാതെ പോയിരുന്നു. ഏറെ നേരം അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. പിന്നീട് നോക്കിയപ്പോഴാണ് അർഷാദ് നദീം ജാവ്‌ലിനെ ചുറ്റിപ്പറ്റി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്.തുടർന്ന് തന്റെ ജാവലിൻ തിരികെ ആവശ്യപ്പെട്ടപ്പോൾ അർഷാദ് അത് തിരികെ നൽകിയെന്ന് നീരജ് പറഞ്ഞു. അത് കാരണമാണ് ആദ്യ ശ്രമത്തിൽ താൻ പെട്ടെന്ന് തന്നെ ജാവ്‌ലിൻ എടുത്ത് എറിഞ്ഞത് എന്നും താരം വ്യക്തമാക്കി.

ഒളിമ്പിക്‌സ് മത്സരത്തിൽ പാക് താരം അർഷാദും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് പാക്കിസ്ഥാന് വലിയ രീതിയിലുള്ള പ്രചോദനം നൽകുമെന്നും നീരജ് ചോപ്ര അഭിമുഖത്തിൽ പറഞ്ഞു.അതേസമയം നീരജിന്റെ അഭിമുഖത്തിന് പിന്നാലെ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി.