ടോക്യോ: പരിശ്രമം ചെയ്യുകയാണെങ്കിൽ എന്തിനെയും നമുക്ക് കൈയിലൊതുക്കാൻ പറ്റും എന്നതിന്റെ നേർസാക്ഷ്യമായി നീരജ് ചോപ്ര.ഒരിക്കലും അത്‌ലറ്റ് ആകില്ലെന്ന് വിശ്വസിച്ചിരുന്ന പാനിപ്പത്തുകാരൻ തന്റെ വഴി അത്‌ലറ്റിക്‌സ് കൂടിയാണെന്ന് മനസിലാക്കിയതോടെ ജീവശ്വാസം പോലെ കൊണ്ടുനടന്നത് ഒറ്റക്കാര്യം മാത്രം. തന്റെ പരിശീലനം.അതിനുള്ള പ്രതിഫലമായി ടോക്യോവിലെ ആദ്യത്തെയും ഇന്ത്യയുടെ ചരിത്രത്തിലെയും രണ്ടാം സ്വർണം നീരജ് ഇന്ത്യക്ക് സമ്മാനിച്ചു.

അന്താരാഷ്ട്ര തലത്തിൽ കത്തിനിൽക്കുമ്പോഴാണ് കൈമുട്ടിന്റെ രൂപത്തിൽ പരിക്ക് നീരജിനെ പിടികൂടുന്നത്.ഒടുവിൽ ശസ്ത്രക്രിയയും വേണ്ടി വന്നു.അതിൽ നിന്ന് മുക്തി നേടിയപ്പോഴാണ് കോവിഡിന്റെ രൂപത്തിൽ പ്രതിസന്ധി വീണ്ടും വരുന്നത്.പക്ഷെ പട്ടാളക്കാരന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അതും വഴിമാറി.ലോക്ഡൗണിന് ശേഷമുണ്ടായ ഇളവുകളിൽ നിരജ് ചോപ്ര ശ്രദ്ധ ചെലുത്തിയത് കഠിന പരിശീലനത്തിനായിരുന്നു.അതിന്റെ പരിണിത ഫലമായി ടോക്കിയോവിൽ ഇന്ത്യക്ക് ചരിത്ര സ്വർണ്ണവും.

ആത്മവിശ്വാസത്തോടെ ഒരു മത്സരത്തിൽ പങ്കെടുക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ മത്സരത്തിന് മുമ്പുള്ള നിങ്ങളുടെ പരിശീലനത്തിന് വളരെയധികം പ്രാധാന്യമുണ്ട് ഒളിമ്പിക്‌സിന് മുൻപ് നീരജ് പറഞ്ഞ വാക്കുകളാണിത്. ടോക്യോ 2020 ഒളിമ്പിക് ഗെയിംസ് ബ്രോഡ്കാസ്റ്ററായ സോണി സ്പോർട്സ് നെറ്റ്‌വർക്കിലെ 'ദി ടോർച്ച്ബിയറേഴ്സ്' എന്ന പ്രത്യേക പരിപാടിയിലാണ് നീരജ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ വാക്കുകളെ തന്റെ പ്രകടനം കൊണ്ടുതന്നെ നീരജ് തെളിയിക്കുകയും ചെയ്തു.

പലർക്കും ഫൈനൽ മത്സരത്തിന് ഇറങ്ങുമ്പോൾ പ്രതിസന്ധിയാകുന്നത് അമിത സമർദ്ദത്തെ അതിജീവിക്കാൻ കഴിയാത്തതാണ്. ഇവിടെയും നിരജിന് തന്റെ ടെക്‌നിക്കുകൾ ഉണ്ട്. ഇഷ്ടമുള്ള പാട്ടുകൾ കേൾക്കുകയാണ് താരത്തിന്റെ രീതി.മത്സരങ്ങൾക്ക് മുൻപ് ഞാ്ൻ ഒരുപാട് പാട്ടുകൾ കേൾക്കുമെന്ന് ഒരിക്കൽ നീരജ് ചോപ്ര പറഞ്ഞു.താൻ ഇപ്പോഴും ഒരു മികച്ച കായികതാരമാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഓരോ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും നീരജ് പറഞ്ഞു. ''ഇതുവരെ എത്താൻ സാധിക്കുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ലെന്നും ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ടെന്നും അതിനായാണ് താൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നുമാണ് നീരജ് അന്ന് പറഞ്ഞു നിർത്തിയത്.

കഴിഞ്ഞ ഒളിംപിക്‌സിൽ പങ്കെടുക്കാനവസരം കിട്ടിയില്ലെങ്കിലും റിയോയിലെ ഇന്ത്യയുടെ നഷ്ടമാണ് നീരജ്. കാരണം അതേവർഷം നടന്ന അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ നീരജ് കണ്ടെത്തിയ ദൂരം റിയോയിലെ വെങ്കലക്കാരനും മുന്നിലായിരുന്നു. പുതിയ ലോക റെക്കോർഡിലേക്ക് ആ ജാവലിൻ പറന്നിറങ്ങി. രണ്ട് വർഷങ്ങൾക്കിപ്പുറം കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം. ഒടുവിലിതാ ഒളിംപിക്‌സിലും ഒരു മെഡൽ.

വലത് കയ്യിലെ കരുത്തിനെക്കുറിച്ച് എടുത്ത് പറയാറുണ്ട് നീരജ്. ആ കരുത്തെന്തെന്ന് യോഗ്യതാ റൗണ്ടിലെ അത്ഭുത പ്രകടനം കണ്ട് മനസിലായതാണ്. 23 വയസ് മാത്രമുള്ള താരത്തിന് മുന്നിൽ മൂന്ന് വർഷം അപ്പുറം മറ്റൊരു ഒളിംപിക്‌സും കാത്തിരിക്കുന്നു. പുതിയ വേഗം,പുതിയ ദൂരം നമ്മൾ ഇനിയും കാത്തിരിക്കും.