ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (ഇഡബ്ല്യുഎസ്) നീറ്റ് അഖിലേന്ത്യാ ക്വോട്ടയിൽ സംവരണം അനുവദിക്കാനുള്ള വാർഷികവരുമാനപരിധി എട്ട് ലക്ഷമാക്കിയതിനെ ന്യായീകരിച്ച് കേന്ദ്രസർക്കാർ. ഒബിസി ക്രീമിലെയർ നിശ്ചയിക്കാനുള്ള അതേ മാനദണ്ഡമാണ് ഇഡബ്ല്യുഎസിനും ഏർപ്പെടുത്തിയത്.

സാമൂഹ്യനീതിവകുപ്പ് ബന്ധപ്പെട്ട കക്ഷികളുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്. മേജർ ജനറൽ സിൻഹോ കമീഷൻ റിപ്പോർട്ടുകൂടി പരിഗണിച്ചായിരുന്നു തീരുമാനം. ഒബിസി ക്രീമിലെയറിനെ നിശ്ചയിക്കാനുള്ള അതേ മാനദണ്ഡം പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്താനും അടിസ്ഥാനമാക്കാമെന്നാണ് റിപ്പോർട്ട്. കൺസ്യൂമർ പ്രൈസ് ഇൻഡക്സുപോലെയുള്ള സൂചികകളും തീരുമാനത്തിനു പിന്നിലുണ്ടെന്നും സർക്കാർ അവകാശപ്പെട്ടു.