തിരുവനന്തപുരം: കേരളത്തിൽ നിന്നും ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ 'നീറ്റ്' എഴുതിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവ്. പതിവിന് വിപരീതമായി കോവിഡ് കാലത്ത് നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ എണ്ണം കുറയുകയായിരുന്നു. വിവിധ ജില്ലകളിൽനിന്നുള്ള കണക്കുകൾ പ്രകാരം ആകെ 75 മുതൽ 80 ശതമാനം പേരാണു പരീക്ഷയെഴുതിയത്.കോവിഡ് ഭീതിയും യാത്രാപ്രശ്‌നങ്ങളുമാണു കേരളത്തിൽ വിദ്യാർത്ഥികൾ കുറയാൻ കാരണമെന്നാണു വിലയിരുത്തൽ.

രാജ്യത്താകെ 85-90 പേർ പേർ പരീക്ഷയെഴുതിയെന്നു വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു. പരീക്ഷ താരതമ്യേന എളുപ്പമായിരുന്നുവെന്ന് പല കേന്ദ്രങ്ങളിലും വിദ്യാർത്ഥികൾ പ്രതികരിച്ചു. കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പരീക്ഷാനടത്തിപ്പ്. ശരീര താപനില കൂടിയവർക്കും ചുമയും തുമ്മലുമുള്ളവർക്കും പ്രത്യേകം മുറി ക്രമീകരിച്ചിരുന്നെങ്കിലും ചില ജില്ലകളിൽ ഇതുപയോഗിക്കേണ്ടി വന്നില്ല.

നിലമ്പൂർ ഫാത്തിമഗിരി സ്‌കൂളിൽ പരീക്ഷയെഴുതേണ്ട ഒരു വിദ്യാർത്ഥിക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. പകരം മറ്റൊരു ദിവസം അവസരം നൽകാമെന്ന എൻടിഎ ഉത്തരവ് ലഭിച്ചതിനാൽ ഈ വിദ്യാർത്ഥി എത്തിയില്ല. മലപ്പുറം, കൊല്ലം ജില്ലകളിലായി മൂന്നു കേന്ദ്രങ്ങളിൽ മാറ്റമുണ്ടായെങ്കിലും ഇവിടെയും ആശയക്കുഴപ്പമില്ലാതെ പരീക്ഷ നടന്നു.